/kalakaumudi/media/media_files/2025/12/06/indigo-issue-2025-12-06-17-01-58.jpg)
ന്യൂഡൽഹി: വിമാന സർവീസുകൾ അവതാളത്തിലായതിനെ തുടർന്ന് ആയിരക്കണക്കിന് യാത്രക്കാരെ ബാധിച്ച സാഹചര്യത്തിൽ റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് റീഫണ്ട് ചെയ്യുന്ന പ്രക്രിയ ഞായറാഴ്ച വൈകുന്നേരത്തോടെ പൂർത്തിയാക്കാൻ പ്രമുഖ വിമാന കമ്പനിയായ ഇൻഡിഗോയോട് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ.
യാത്രക്കാരുടെ ബാഗേജുകൾ രണ്ടു ദിവസത്തിനകം മടക്കിനൽകിയെന്ന് ഉറപ്പാക്കാനും കേന്ദ്ര വ്യോമയാന മന്ത്രാലയം നിർദേശിച്ചു.
ഞായറാഴ്ച റീഫണ്ട് പ്രക്രിയയിൽ എന്തെങ്കിലും കാലതാമസം ഉണ്ടാവുകയോ നിർദേശം പാലിക്കാതെ വരികയോ ചെയ്താൽ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
റദ്ദാക്കിയതോ തടസ്സപ്പെട്ടതോ ആയ എല്ലാ വിമാന സർവീസുകളുടെയും റീഫണ്ട് പ്രക്രിയ ഞായറാഴ്ച രാത്രി 8 മണിയോടെ പൂർത്തിയാക്കണമെന്നാണ് മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നത്.
റദ്ദാക്കൽ മൂലം യാത്രയെ ബാധിച്ച യാത്രക്കാരിൽ നിന്ന് റീഷെഡ്യൂളിങ് ചാർജുകൾ ഈടാക്കരുതെന്നും വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ശനിയാഴ്ച മാത്രം വിവിധ വിമാനത്താവളങ്ങളിൽ 400ലധികം വിമാന സർവീസുകളാണ് റദ്ദാക്കിയത്.
പ്രത്യേക പാസഞ്ചർ സപ്പോർട്ടും റീഫണ്ട് ഫെസിലിറ്റേഷൻ സെല്ലുകളും രൂപീകരിക്കാനും ഇൻഡിഗോയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കൃത്യസമയത്ത് യാത്ര ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടിലായ യാത്രക്കാരെ മുൻകൂട്ടി ബന്ധപ്പെടുന്നുണ്ടെന്നും റീഫണ്ടുകളും ബദൽ യാത്രാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും സെല്ലുകൾ ഉറപ്പാക്കണമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
