/kalakaumudi/media/media_files/2025/09/26/stanik-2025-09-26-19-31-29.jpg)
ന്യൂഡല്‍ഹി: ബുക്കര്‍ സമ്മാനജേതാവായ സല്‍മാന്‍ റുഷ്ദിയുടെ വിവാദ കൃതി 'ദി സാത്താനിക് വേഴ്സസ്' നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളി സുപ്രീം കോടതി. നിയമപരമായി തന്നെ പുസ്തകം രാജ്യത്ത് ലഭ്യമാകുമെന്ന് സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞു. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മെഹ്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ദി സാത്താനിക് വേഴ്സസിനെ ചൊല്ലി ലോകമെമ്പാടും വിവാദങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും, പുസ്തകത്തില്‍ ദൈവനിന്ദയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സല്‍മാന്‍ റുഷ്ദിയുടെ പുസ്തകം ഇന്ത്യയില്‍ നിരോധിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്.അഭിഭാഷകനായ ചന്ദ് ഖുറേഷിയാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായത്. ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് കാരണമാണ് പുസ്തകം ലഭ്യമായതെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു.
1988ല്‍ അന്നത്തെ രാജീവ് ഗാന്ധി സര്‍ക്കാരാണ് ദി സാത്താനിക് വേഴ്സസ് ഇന്ത്യയില്‍ അനുമതി ചെയ്യുന്നത് നിരോധിച്ചത്. ഇത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ ദല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. പുസ്തകം നിരോധിക്കുന്നതിന്റെ കാരണം ബോധിപ്പിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടതിനാല്‍, മറിച്ചൊരു വിധി പ്രസ്താവിക്കാനാകില്ലെന്ന് നിരീക്ഷിച്ചാണ് ഡല്‍ഹി ഹൈക്കോടതി ഹര്‍ജികള്‍ തീര്‍പ്പാക്കിയത്. ഡല്‍ഹി ഹൈക്കോടതിയുടെ ഈ വിധിയെ നിങ്ങള്‍ വെല്ലുവിളിക്കുകയാണെന്നാണ് സുപ്രീംകോടതി ബെഞ്ച് വെള്ളിയാഴ്ചയ ഹര്‍ജിക്കാരോട് പറഞ്ഞത്.
1988ല്‍ സല്‍മാന്‍ റുഷ്ദിയുടെ 'ദി സാത്താനിക് വേഴ്സസ്' എന്ന പുസ്തകത്തില്‍ ദൈവനിന്ദയുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് വിഷയം ലോകമെമ്പാടും ചര്‍ച്ചയായിരുന്നു. ഇതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയില്‍ പുസ്തകം നിരോധിച്ചതും പുസ്തകം ഇറക്കുമതി ചെയ്യുന്നത് വിലക്കി ഉത്തരവിറക്കിയതും. പിന്നീട് ഡല്‍ഹി ഹൈക്കോടതി വിധിയോടെയാണ് പുസ്തകം രാജ്യത്ത് ലഭ്യമായത്.
ബ്രിട്ടീഷ് ഇന്ത്യന്‍ എഴുത്തുകാരനായ സല്‍മാന്‍ റുഷ്ദിയുടെ ജീവന് പോലും ഭീഷണിയായ കൃതിയാണ് ദി സാത്താനിക് വേഴ്സസ്. 1988ല്‍ പ്രസിദ്ധീകരിച്ച പുസ്തകം ഇസ്ലാം മതത്തെയും പ്രവാചകനെയും നിന്ദിക്കുന്നതാണെന്ന് തുടക്കം മുതല്‍ ആരോപണം ഉയര്‍ന്നിരുന്നു. മതവും കുടിയേറ്റവും അസ്ഥിത്വവും എല്ലാം വിഷയമാകുന്ന പുസ്തകം ഇസ്ലാമിക ചരിത്രത്തിന്റെ പശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്.
ഇറാന്റെ ആത്മീയ നേതാവ് ആയത്തുല്ല റുഹൊല്ല ഖൊമേനി 1989ല്‍ പുസ്തകത്തിനെതിരെ ഫത്വ പുറത്തിറക്കിയിരുന്നു. ഇസ്ലാം മതത്തെ അവഹേളിക്കുന്ന പുസ്തകമെന്ന് ആരോപിച്ചായിരുന്നു ഫത്വ. സല്‍മാന്‍ റുഷ്ദിയെയോ പുസ്തക പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടവരെയോ കൊലപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്യുന്ന ഫത്വ വലിയ കോളിളക്കമാണ് ഉണ്ടാക്കിയത്.
റുഷ്ദിയെ കൊലപ്പെടുത്തുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും ഫത്വയില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെ, പുസ്തകത്തിന് എതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ലോകമെമ്പാടും അരങ്ങേറി.
ഈ പുസ്തകം ബ്രിട്ടനും ഇറാനും തമ്മിലുള്ള നയതന്ത്രബന്ധത്തെയും ബാധിച്ചു. ബ്രിട്ടന്റെ സഹായത്തോടെ മുസ്ലിങ്ങളെ അപമാനിക്കാനുള്ള ശ്രമമാണിതെന്ന് ഇറാന്‍ ആരോപിച്ചു.
1980-90 കളില്‍ പാശ്ചാത്യരാജ്യങ്ങളും അറബ്-ഇസ്ലാമിക് രാജ്യങ്ങളും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കമാണ് പുസ്തകത്തിന് കാരണമായതെന്നായിരുന്നു ആരോപണം. ഇന്ത്യ, പാകിസ്ഥാന്‍, ഈജിപ്ത്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ പുസ്തകം നിരോധിച്ചു.
ജീവന് ഭീഷണിയുള്ള സല്‍മാന്‍ റുഷ്ദി ബ്രിട്ടീഷ് പൊലീസിന്റെ സുരക്ഷയില്‍ അഭയം പ്രാപിച്ചിരുന്നു. അപരനാമത്തില്‍ പലയിടങ്ങളിലായി ഒളിവുജീവിതം നയിക്കുകയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. റുഷ്ദിക്ക് നേരെ നിരവധി തവണ ആക്രമണങ്ങളുണ്ടായി.
പലപ്പോഴും അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. 2022ല്‍ ന്യൂയോര്‍ക്കില്‍ വെച്ചുണ്ടായ ആക്രമണത്തില്‍ റുഷ്ദിക്ക് ഗുരുതരമായി പരിക്കേറ്റെങ്കിലും ജീവന്‍ രക്ഷിക്കാനായി. ഈ ആക്രമണത്തില്‍ ഒരു കണ്ണിന്റെ കാഴ്ചശക്തിയും ഒരു കയ്യിന്റെ സ്വാധീവും നഷ്ടമായിരുന്നു.
ഇതുവരെ ലോകമെമ്പാടുമായി നടന്ന ആന്റി-റുഷ്ദി പ്രതിഷേധങ്ങളിലും പുസ്തകവുമായി ബന്ധപ്പെട്ട ആക്രമണങ്ങിലുമായി 45 പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്കുകള്‍. ഇന്ത്യ, പാകിസ്ഥാന്‍, ഇറാന്‍, യു.കെ തുടങ്ങിയ രാജ്യങ്ങളില്‍ കനത്ത പ്രക്ഷോഭമാണ് അരങ്ങേറിയത്. ഇന്ത്യയിലും പാകിസ്ഥാനിലും നടന്ന പ്രതിഷേധങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. ഇറാന്‍, ഈജിപ്ത്, തുടങ്ങിയ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ പുസ്തകത്തിന് നേരെ അക്രമാസക്തമായ പ്രതിഷേധങ്ങളുണ്ടായി. ഇവിടങ്ങളിലെ മരണസംഖ്യ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
മുംബൈയും ഡല്‍ഹിയുമുള്‍പ്പടെയുള്ള നഗരങ്ങളില്‍ നടന്ന റുഷ്ദി വിരുദ്ധ പ്രതിഷേധങ്ങള്‍ അക്രമാസക്തമാവുകയും ചെയ്തു. പാകിസ്ഥാനില്‍ അമേരിക്കന്‍ കള്‍ച്ചര്‍ സെന്ററില്‍ നടന്ന പ്രതിഷേധത്തിന് നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു.
യു.കെയിലെ ബ്രാഡ്ഫോര്‍ഡില്‍ 1989ല്‍ പുസ്തകം കത്തിച്ചാണ് റുഷ്ദി വിരുദ്ധ പ്രക്ഷോഭകര്‍ പ്രതിഷേധിച്ചത്. ആളപായമുണ്ടായില്ലെങ്കിലും രൂക്ഷമായ സാമൂഹികവും രാഷ്ട്രീയവുമായ പിരിമുറുക്കങ്ങള്‍ക്ക് ഈ പ്രതിഷേധം വഴിവെച്ചു.
റുഷ്ദിയുടെ സാത്താന്‍ വേഴ്സസ് തര്‍ജ്ജമ ചെയ്തവര്‍ക്കും ജീവപായമുണ്ടായി. ജപ്പാനീസ് ഭാഷയിലേക്ക് പുസ്തകം തര്‍ജ്ജമ ചെയ്ത ഹിതോഷി ഇഗരാഷി 1991ല്‍ ജപ്പാനിലെ ത്സുകുബ സര്‍വകലാശാലയില്‍ വെച്ച് അജ്ഞാതരുടെ കുത്തേറ്റ് മരിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
