ലഷ്‌കര്‍ കമാന്‍ഡറുടെ വലംകൈ പാക് ഭീകരന്‍ ആദിലിനെ വധിച്ച് സൈന്യം

കിഷ്ത്വാറിലെ ദുര്‍ഘടമായ മലനിരകളിലും സ്വാഭാവിക ഗുഹകളിലും ഒളിച്ചിരുന്ന് ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരുന്ന വ്യക്തിയാണ് ആദില്‍. ഏകദേശം ഇരുപതോളം തവണ സൈന്യത്തിന്റെ വലയില്‍ നിന്ന് ഇയാള്‍ കഷ്ടിച്ച് രക്ഷപ്പെട്ടിട്ടുണ്ട്

author-image
Biju
New Update
adil

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ പാക് ഭീകരര്‍ക്കെതിരെ കടുത്ത പ്രഹരമേല്‍പ്പിച്ച്  ഇന്ത്യന്‍ സൈന്യം. ലഷ്‌കര്‍ കമാന്‍ഡര്‍ സെയ്ഫുള്ളയുടെ വലംകൈയ്യും കൊടുംഭീകരനുമായ ആദിലിനെ സുരക്ഷാസേന വധിച്ചിരിക്കുകയാണ്. കഴിഞ്ഞ 18 മാസമായി സൈന്യത്തെ വെട്ടിച്ച് നടന്ന പാക് പൗരനായ ഈ ജെയ്‌ഷെ മുഹമ്മദ് ഭീകരനെ 'ഓപ്പറേഷന്‍ ട്രാഷി 1' (Operation Trashi 1) ലൂടെയാണ് സൈന്യം പിടികൂടി വകവരുത്തിയത്. കിഷ്ത്വാറിലെ ചത്രൂ മേഖലയില്‍ വെച്ച് നടന്ന കടുത്ത ഏറ്റുമുട്ടലിനൊടുവിലാണ് ഈ പാക് ചാരന്‍ വീണത്.

കിഷ്ത്വാറിലെ ദുര്‍ഘടമായ മലനിരകളിലും സ്വാഭാവിക ഗുഹകളിലും ഒളിച്ചിരുന്ന് ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരുന്ന വ്യക്തിയാണ് ആദില്‍. ഏകദേശം ഇരുപതോളം തവണ സൈന്യത്തിന്റെ വലയില്‍ നിന്ന് ഇയാള്‍ കഷ്ടിച്ച് രക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത്തവണ കരസേനയുടെ വൈറ്റ് നൈറ്റ് കോര്‍പ്സും (White Knight Corps) ജമ്മു കശ്മീര്‍ പോലീസും സിആര്‍പിഎഫും സംയുക്തമായി ഒരുക്കിയ കെണിയില്‍ നിന്ന് ആദിലിന് രക്ഷപ്പെടാനായില്ല. ഒരാഴ്ചയായി തുടരുന്ന തിരച്ചിലിനൊടുവില്‍ ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ഭീകരനെ സൈന്യം വളഞ്ഞത്.

ആദില്‍ കൊല്ലപ്പെട്ടതോടെ ഇയാളുടെ കൂട്ടാളിയായ പാക് ഭീകരന്‍ സെയ്ഫുള്ളയ്ക്കായുള്ള തിരച്ചില്‍ സൈന്യം ഊര്‍ജ്ജിതമാക്കി. രണ്ട് വര്‍ഷം മുന്‍പ് അതിര്‍ത്തി കടന്നെത്തിയ സെയ്ഫുള്ള ദോഡ, കിഷ്ത്വാര്‍ മേഖലകളില്‍ ഭീകരത വളര്‍ത്താന്‍ ശ്രമിക്കുന്ന പ്രധാനിയാണ്. യുവാക്കളെ ആയുധമെടുക്കാന്‍ പ്രേരിപ്പിക്കുകയും ഭീകര ശൃംഖലകള്‍ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ഇയാളുടെ ദൗത്യം. ചത്രൂ മേഖലയുടെ വടക്ക് ഭാഗത്തേക്ക് സെയ്ഫുള്ള രക്ഷപ്പെട്ടതായാണ് സൂചന. ഇയാളെ കണ്ടെത്താനായി ഡ്രോണുകളും സ്‌നിഫര്‍ ഡോഗുകളെയും ഉപയോഗിച്ച് വനമേഖല അരിച്ചുപെറുക്കുകയാണ്.

ഭാരതത്തിന്റെ മണ്ണില്‍ നിന്ന് ഭീകരതയുടെ വേരറുക്കുന്നത് വരെ തങ്ങളുടെ പോരാട്ടം തുടരുമെന്ന് മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.