/kalakaumudi/media/media_files/2025/06/28/paraggffgrfg-2025-06-28-19-16-55.jpg)
ന്യൂഡല്‍ഹി: ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ 'റോ'യുടെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്) പുതിയ മേധാവിയായി മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ പരാഗ് ജെയിനിനെ നിയമിച്ചു. പഞ്ചാബ് കേഡറില്‍ നിന്നുള്ള 1989 ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥനായ പരാഗ് ജെയിന്‍, പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ്. റോയുടെ നിലവിലെ മേധാവി രവി സിന്‍ഹ ജൂണ്‍ 30ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.
ജൂലൈ ഒന്നുമുതല്‍ രണ്ടുവര്‍ഷം ജെയിന്‍ റോയുടെ തലപ്പത്ത് തുടരും. നിലവില്‍ റോയുടെ വ്യോമ നിരീക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ഏവിയേഷന്‍ റിസര്‍ച്ച് സെന്ററിന്റെ ചുമതല വഹിക്കുകയാണ് അദ്ദേഹം. നേരത്തെ പഞ്ചാബില്‍ സീനിയര്‍ പൊലീസ് സൂപ്രണ്ടായും ഡിഐജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്ന സമയത്ത് ജമ്മു കശ്മീരിലും പരാഗ് പ്രവര്‍ത്തിച്ചു. ശ്രീലങ്കയിലും കാനഡയിലും ഇന്ത്യന്‍ മിഷനുകളുടെ ഭാഗമായിട്ടുണ്ട്. കാനഡയില്‍ ഖലിസ്ഥാനി ഭീകരരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഏകോപിപ്പിച്ചിരുന്നത്.
പാക്ക് സൈന്യത്തെക്കുറിച്ചും ഭീകരകേന്ദ്രങ്ങളെക്കുറിച്ചും നിര്‍ണായക ഇന്റലിജന്‍സ് വിവരങ്ങള്‍ ശേഖരിച്ച് ഓപ്പറേഷന്‍ സിന്ദൂറില്‍ പ്രധാന പങ്കുവഹിച്ചയാളാണ് പരാഗ് ജെയിന്‍. ഈ വിവരങ്ങളുടെ സഹായത്തോടെ പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലെയും ഭീകരകേന്ദ്രങ്ങളില്‍ കൃത്യമായ ആക്രമണം നടത്താന്‍ ഇന്ത്യയ്ക്കായി. ജമ്മു കശ്മീരില്‍ പരാഗ് ജെയിനിനുള്ള അനുഭവ സമ്പത്താണ് ഇത്തരത്തില്‍ കൃത്യമായ വിവരശേഖരണത്തിന് സഹായകമായതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
