/kalakaumudi/media/media_files/2025/11/07/dog-2025-11-07-13-18-46.jpg)
ന്യൂഡല്‍ഹി: പൊതു ഇടങ്ങളില്‍നിന്ന് തെരുവുനായ്ക്കളെ നീക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. എല്ലാ സംസ്ഥാന സര്‍ക്കാരുകളും ഇതിന് നടപടി സ്വീകരിക്കണം. എന്തെല്ലാം നടപടിയെടുത്തുവെന്ന് ചീഫ് സെക്രട്ടറിമാര്‍ കോടതിയെ അറിയിക്കണം. കൃത്യമായ പരിശോധന ഇക്കാര്യത്തിലുണ്ടാകണമെന്നും ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
സര്‍ക്കാര്‍ ഓഫിസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആശുപത്രികള്‍, സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍നിന്ന് നായ്ക്കളെ തെരുവുനായ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്.
തെരുവില്‍ അലയുന്ന നായ്ക്കളും കന്നുകാലികളും അടക്കമുള്ള മൃഗങ്ങളെ കണ്ടെത്താന്‍ പട്രോളിങ് സംഘത്തെ നിയോഗിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് നായ്ക്കള്‍ കയറാതിരിക്കാന്‍ നടപടിയെടുക്കണം. ഇക്കാര്യത്തില്‍ ദിവസേനയുള്ള പരിശോധന നടത്തണം. ദേശീയപാതകളില്‍നിന്ന് മൃഗങ്ങളെ നീക്കിയ നടപടിയില്‍ എട്ട് ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
സംരക്ഷണ കേന്ദ്രങ്ങളിലേക്ക് നായ്ക്കളെ മാറ്റുന്നതില്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ അടക്കം തദ്ദേശസ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണം. പിടികൂടുന്ന നായ്ക്കളെ വന്ധ്യംകരണത്തിനു ശേഷം അതേസ്ഥലത്ത് തുറന്നുവിടരുത്. ആശുപത്രികള്‍ അടക്കം പൊതുവിടങ്ങളില്‍ നായ്ക്കള്‍ കയറാതിരിക്കാന്‍ സംവിധാനം ഒരുക്കണമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവില്‍ പറയുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
