/kalakaumudi/media/media_files/2025/05/22/c8fFsUdCmD7faJjkTkW9.png)
ന്യൂഡൽഹി: തമിഴ്‌നാട്ടിലെ ടാസ്മാക് മദ്യ അഴിമതിയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നടത്തുന്ന അന്വേഷണവും റെയ്ഡുകളും സുപ്രീംകോടതി സ്റ്റേ ചെയ്തു. ഇ.ഡിയ്ക്കെതിരേ രൂക്ഷവിമർശനവും സുപ്രീം കോടതി നടത്തി. ഇ.ഡി. എല്ലാ പരിധികളും ഫെഡറൽ തത്വങ്ങളും ലംഘിക്കുന്നുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
ടാസ്മാക് മദ്യ അഴിമതി സംബന്ധിച്ച് അന്വേഷണം നടത്താൻ ഇ.ഡിക്ക് മദ്രാസ് ഹൈക്കോടതി അനുമതി നൽകിയിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ ഈ ഉത്തരവ് ചോദ്യം ചെയ്താണ് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. അഴിമതിയുമായി ബന്ധപ്പെട്ട് തമിഴ്നാട് പോലീസ് 41 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് തമിഴ്നാട് സർക്കാരിനുവേണ്ടി സുപ്രീം കോടതിയിൽ ഹാജരായ സീനിയർ അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി.എന്നാൽ, 2025-ലാണ് ഇഡി അന്വേഷണത്തിന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. ഈ ഉത്തരവിന് ശേഷം ഇഡി ഉദ്യോഗസ്ഥർ ടാസ്മാക് ആസ്ഥാനത്ത് റെയ്ഡ് നടത്തിയെന്നും കോർപ്പറേഷന്റെ എംഡിയും ഭാര്യയും ഉൾപ്പടെയുള്ളവരെ കസ്റ്റഡിയിലെടുത്തെന്നും കോർപ്പറേഷനുവേണ്ടി സുപ്രീം കോടതിയിൽ ഹാജരായ സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗി ചൂണ്ടിക്കാട്ടി.
ജീവനക്കാരുടെ ഫോണുകളിലെ വിശദശാംശങ്ങൾ ക്ളോൺ ചെയ്ത് ഇഡി ഉദ്യോഗസ്ഥർ കൊണ്ടുപോയതായും ഇത് സ്വകാര്യതയുടെ ലംഘനമാണെന്നും റോത്തഗി വാദിച്ചു. തുടർന്നാണ് ഇഡിയ്ക്കെതിരേ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് രൂക്ഷ വിമർശനം നടത്തിയത്.
1000 കോടിയുടെ സാമ്പത്തിക തട്ടിപ്പാണ് നടന്നതെന്ന് ഇഡിക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിസ്റ്റർ ജനറൽ എസ്.വി. രാജു സുപ്രീം കോടതിയെ അറിയിച്ചു. തമിഴ്നാട് സർക്കാർ ഫയൽചെയ്ത ഹർജിയിൽ സുപ്രീം കോടതി ഇഡിക്ക് നോട്ടീസയച്ചു. മറുപടി നൽകുന്നതിന് രണ്ടാഴ്ചത്തെ സമയമാണ് നൽകിയിരിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
