/kalakaumudi/media/media_files/2025/08/22/naya-2025-08-22-14-11-11.jpg)
ന്യൂഡല്‍ഹി:രാജ്യതലസ്ഥാനത്തെ തെരുവുനായ്ക്കളെയെല്ലാം എട്ടാഴ്ചയ്ക്കുള്ളില്‍ പിടികൂടി ഷെല്‍ട്ടറുകളിലേക്കു മാറ്റണമെന്ന മുന്‍ ഉത്തരവ് മയപ്പെടുത്തി സുപ്രീം കോടതി. നായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പു നല്‍കുകയും വന്ധ്യ കരണത്തിന് വിധേയമാക്കുകയും ചെയ്തശേഷം പിടികൂടിയ സ്ഥലത്തുതന്നെ തുറന്നുവിടണമെന്നു ജസ്റ്റിസ് വിക്രംനാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എന്‍.വി.അഞ്ജാരിയ എന്നിവരുടെ ബെഞ്ച് വിധിച്ചു. പേവിഷബാധ സ്ഥിരീകരിക്കുകയോ സംശയിക്കുകയോ അക്രമാസക്തി കാട്ടുന്നവയോ ആയ നായ്ക്കളെ മാത്രമേ ഷെല്‍ട്ടറിലേക്ക് മാറ്റേണ്ടതുള്ളൂ.
പൊതുസ്ഥലത്ത് ജനങ്ങള്‍ തെരുവു നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാന്‍ പ്രത്യേക ഫീഡിങ് കേന്ദ്രങ്ങള്‍ ഒരുക്കണം. കുത്തിവയ്പ്പിനായി നായ്ക്കളെ പിടികൂടുമ്പോള്‍ പൊതുജനങ്ങളോ സംഘടനകളോ തടയാന്‍ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു.
തെരുവുനായ വിഷയം ഡല്‍ഹിക്ക് പുറത്തും പരിഗണിക്കണമെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി ദേശീയതലത്തില്‍ ഇതിനായി നയം കൊണ്ടുവരണമെന്നും അഭിപ്രായപ്പെട്ടു. തെരുവുനായ വിഷയത്തില്‍ വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുള്ള കേസുകള്‍ സുപ്രീം കോടതിയിലേക്ക് മാറ്റുമെന്നും മൂന്നംഗ ബെഞ്ച് പറഞ്ഞു.
ഡല്‍ഹിയിലെ തെരുവുനായ്ക്കളെയെല്ലാം എട്ടാഴ്ചയ്ക്കുള്ളില്‍ പിടികൂടി ഷെല്‍ട്ടറുകളിലേക്കു മാറ്റണമെന്നായിരുന്നു ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, ആര്‍. മഹാദേവന്‍ എന്നിവരുടെ രണ്ടംഗ ബെഞ്ച് ഓഗസ്റ്റ് 11നു വിധിച്ചത്. നായ്ക്കള്‍ക്ക് ഷെല്‍ട്ടറുകള്‍ സജ്ജമാക്കാന്‍ മുനിസിപ്പാലിറ്റികളും മറ്റ് ഏജന്‍സികളും ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും ഉത്തരവ് അനുസരിക്കുന്നതില്‍ വീഴ്ചയുണ്ടായാല്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്നും കോടതി പറഞ്ഞിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഇപ്പോള്‍ വിധി വന്നത്. നായ്ക്കളെയെല്ലാം പിടികൂടി കൂട്ടിലടക്കണമെന്ന ഉത്തരവിനെതിരെ വ്യാപക പ്രതിഷേധവുമുയര്‍ന്നിരുന്നു.