/kalakaumudi/media/media_files/2025/10/07/bihar2-2025-10-07-11-55-56.jpg)
ന്യൂഡല്‍ഹി: കഴിഞ്ഞ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേവലം 16,825 വോട്ടുകള്‍ക്കാണ് തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിന് അധികാരം നഷ്ടമായത്. ഭരണവിരുദ്ധ വികാരവും അസുഖവും വേട്ടയാടുന്ന മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഇക്കുറി അനായാസം വീഴ്ത്താമെന്ന് തേജസ്വി യാദവ് സ്വപ്നം കണ്ടിരുന്നു. എന്നാല്‍, വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണത്തിലൂടെ (എസ്.ഐ.ആര്‍.) ബിഹാറില്‍ കളി മാറിയിരിക്കുകയാണ്.
രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും ഒരേപോലെ ആരോപിക്കുന്നത്, ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഈ നീക്കത്തിന് പിന്നിലെന്നാണ്. എസ്.ഐ.ആറിനുശേഷം 2025 ജൂണില്‍ നിലവിലുണ്ടായിരുന്ന വോട്ടര്‍പട്ടികയില്‍നിന്ന് 68.66 ലക്ഷം വോട്ടര്‍മാരെ വെട്ടിമാറ്റുകയും 21 ലക്ഷം പേരെ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഇതോടെ, കേന്ദ്രത്തിലെയും ബിഹാറിലെയും എന്‍.ഡി.എ. സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച 'സൗജന്യ' പദ്ധതികളെക്കാള്‍ വലിയ ആശങ്കയായി 'ഇന്‍ഡ്യ' സഖ്യത്തിന് മുന്നില്‍ വോട്ടര്‍പട്ടികാ പരിഷ്‌കരണം മാറിയിട്ടുണ്ട്.
'ഇന്‍ഡ്യ'യുടെ പ്രചാരണം
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഇറക്കിയ അവസാനത്തെ അടവാണ് തിരക്കിട്ട് നടത്തിയ എസ്.ഐ.ആര്‍. എന്ന് സാധാരണക്കാരെക്കൊണ്ടുപോലും പറയിക്കാന്‍ രാഹുല്‍ ഗാന്ധി നയിച്ച 'വോട്ടര്‍ അധികാര്‍ യാത്രയ്ക്ക്' സാധിച്ചു. യാത്ര കഴിഞ്ഞപ്പോഴേക്കും 'വോട്ടു ചോര്‍ ഗദ്ദി ഛോഡ്' (വോട്ട് കള്ളാ, കസേര വിടൂ) എന്ന മുദ്രാവാക്യം ബിഹാറില്‍ ഹിറ്റായി.
ബിഹാറില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നീതിയും നിഷ്പക്ഷതയും പാലിക്കുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണ് വിജയം അട്ടിമറിക്കാവുന്ന വോട്ട് വെട്ടലും വോട്ട് ചേര്‍ക്കലും നടന്നത്. ഗോപാല്‍ഗഞ്ച് (1.5 ലക്ഷം), സരണ്‍ (2.24 ലക്ഷം), സമസ്തിപൂര്‍ (2.18 ലക്ഷം) തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം ലക്ഷക്കണക്കിന് വോട്ടുകളാണ് വെട്ടിമാറ്റിയത്. അതിനാല്‍, വോട്ടുചോര്‍ച്ച തന്നെയാകും 'ഇന്‍ഡ്യ' സഖ്യത്തിന്റെ പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണ വിഷയം.
എന്‍.ഡി.എ.യുടെ ആത്മവിശ്വാസം
എസ്.ഐ.ആര്‍. നടപടി തങ്ങള്‍ക്ക് അനുകൂലമാകുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി.യും ജെ.ഡി.യു.വും അടങ്ങുന്ന എന്‍.ഡി.എ. ഘടകകക്ഷികള്‍. അതുകൊണ്ടാണ് അവര്‍ എസ്.ഐ.ആറിനെ ന്യായീകരിക്കുന്നത്. എന്നാല്‍, ലക്ഷക്കണക്കിന് വോട്ടര്‍മാര്‍ക്ക് വോട്ട് നഷ്ടമായതിന്റെ രോഷം അടിത്തട്ടില്‍ ഉയര്‍ന്നാല്‍ കളി മാറിയേക്കാം എന്നും മുന്നറിയിപ്പുണ്ട്.
ബി.ജെ.പി.യുടെ കരുത്ത്: കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. മുന്നണിയെ നയിച്ച നിതീഷ് കുമാറിന്റെ ജെ.ഡി.യുവിനെക്കാള്‍ ഇരട്ടി സീറ്റുകളാണ് ബി.ജെ.പി. നേടിയത്. സംഘടനാ മികവും ചിരാഗ് പാസ്വാന്‍, ജിതിന്‍ റാം മഞ്ചി, ഉപേന്ദ്ര കുശ്വാഹ തുടങ്ങിയവരുടെ ഏകോപനവും ബി.ജെ.പി.ക്ക് നേട്ടമാകും.
പ്രതികൂല ഘടകങ്ങള്‍: പ്രായാധിക്യവും അസുഖവും നിതീഷ് കുമാറിന് പ്രതികൂല ഘടകമാണ്. അദ്ദേഹത്തിന് പകരമായി ഒരു മുഖം ബി.ജെ.പിക്ക് ഇല്ല. ഉപമുഖ്യമന്ത്രി സംരാട്ട് ചൗധരി, സംസ്ഥാന പ്രസിഡന്റ് ദിലീപ് ജയ്സ്വാള്‍ എന്നിവര്‍ക്കെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ വിശ്വസ്യത തകര്‍ത്തിട്ടുണ്ട്. മോദി പ്രഖ്യാപിച്ച സൗജന്യങ്ങളും ഓപ്പറേഷന്‍ സിന്ദൂറും പ്രചാരണവിഷയമാക്കി ഇത് മറികടക്കാമെന്നാണ് ബി.ജെ.പി. കരുതുന്നത്. തേജസ്വി മുഖ്യമന്ത്രിയായാല്‍ 'ജംഗിള്‍ രാജ്' തിരിച്ചുവരുമെന്ന പ്രചാരണവും അവര്‍ ഉയര്‍ത്തുന്നു.
പ്രശാന്ത് കിഷോറിന്റെ നിലപാടുകള്‍
നിതീഷ് സര്‍ക്കാറിനെതിരായ അഴിമതിയും തൊഴിലില്ലായ്മയും വിഷയമാക്കി ബിഹാറില്‍ പ്രചാരണം നടത്തുന്ന പ്രശാന്ത് കിഷോര്‍, താന്‍ 'ഇന്‍ഡ്യ' സഖ്യത്തിന്റെയും എന്‍.ഡി.എ.യുടെയും വോട്ടുകള്‍ ഒരുപോലെ ചോര്‍ത്തുമെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍, പ്രശാന്ത് കിഷോര്‍ ബി.ജെ.പി.യുടെ 'ബി ടീം' ആണെന്നാണ് 'ഇന്‍ഡ്യ' സഖ്യം ആരോപിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ യാത്രയോടും തേജസ്വി യാദവിന്റെ സ്വന്തം യാത്രയോടുംകൂടി പ്രശാന്ത് കിഷോറിന് ലഭിച്ചിരുന്ന പിന്തുണ കുറഞ്ഞിട്ടുണ്ട്. ബിഹാറില്‍ ഈ തിരഞ്ഞെടുപ്പില്‍ കറുത്ത കുതിരയാകാനുള്ള പ്രശാന്തിന്റെ ശ്രമം വിജയിക്കുമോ എന്ന് കണ്ടറിയണം.