'അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രയ്ക്ക് തടസമില്ല, നേപ്പാൾ അതിർത്തിയിൽ സാഹചര്യം സമാധാനപരം'; പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദബോസ്

നേപ്പാൾ അതിർത്തിയിൽ ഇപ്പോൾ സാഹചര്യം സമാധാനപരമാണെന്നും നേപ്പാൾ അതിർത്തിയിലെത്തി ജനങ്ങളെ കണ്ടെന്നും പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദബോസ്

author-image
Devina
New Update
anand


ദില്ലി: നേപ്പാൾ അതിർത്തിയിൽ ഇപ്പോൾ സാഹചര്യം സമാധാനപരമാണെന്നും നേപ്പാൾ അതിർത്തിയിലെത്തി ജനങ്ങളെ കണ്ടെന്നും പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദബോസ്.  നിലവിൽ ജനങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രയ്ക്ക് തടസ്സമില്ലെന്നും ബംഗ്ലാദേശ് അതിർത്തിയിലും സ്ഥിതി ശാന്തമാണ്, ഇസ്രയേലിൽ പരീക്ഷിച്ച് വിജയിച്ച വേലിനിർമ്മാണം ബംഗ്ലാദേശ് അതിർത്തിയിൽ നടക്കുന്നു എന്നും സിവി ആനന്ദബോസ് വ്യക്തമാക്കി. ഇന്നലെ സുശീല കർക്കി നേപ്പാളിൻറെ ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. 34 പേരുടെ മരണത്തിനും ആയിരക്കണക്കിനാളുകൾക്ക് പരിക്കേൽക്കാനും ഇടയാക്കിയ അക്രമാസക്തമായ കലാപത്തിന് പിന്നാലെയാണ് നേപ്പാളിൽ പ്രധാനപ്പെട്ട രാഷ്ട്രീയ നീക്കം ഉണ്ടാവുന്നത്. സാമൂഹ്യമാധ്യമങ്ങൾ നിരോധിച്ചതോടെയാണ് നേപ്പാളിൽ ജെൻ സികൾ തെരുവിലിറങ്ങിയത്.കഴിഞ്ഞ ഒരാഴ്ചയായി നേപ്പാൾ കടുത്ത പ്രക്ഷോഭത്തിലായിരുന്നു. സർക്കാരിൻറെ കാര്യക്ഷമതയില്ലായ്മക്കെതിരെയുള്ള പൊതുജനങ്ങളുടെ രോഷം രാജ്യവ്യാപകമായ പ്രതിഷേധമായി മാറുകയായിരുന്നു. നേപ്പാളിലെ ജനറേഷൻ സെഡിൻറെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങളെ തുടർന്ന് പ്രധാനമന്ത്രി കെ പി ശർമ്മ ഒലിക്ക് രാജിവെക്കേണ്ടിവന്നു. പ്രകടനക്കാർക്കെതിരെയുള്ള പൊലീസ് നടപടിയിൽ 34 പേർ മരിക്കുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സർക്കാർ കെട്ടിടങ്ങൾ, മുതിർന്ന രാഷ്ട്രീയ നേതാക്കളുടെ സ്വകാര്യ വസതികൾ, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലുകൾ എന്നിവയ്ക്ക് പ്രതിഷേധക്കാർ തീയിട്ടു. നേപ്പാൾ പാർലമെൻറിനും തീപിടിച്ചു. സൈന്യം കർഫ്യൂ ഏർപ്പെടുത്തുകയും പ്രതിഷേധക്കാരുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. അതേസമയം, നേപ്പാളിലെ പ്രക്ഷോഭങ്ങളുടെ പ്രധാന കാരണം സാമ്പത്തിക അസമത്വമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

സാധാരണക്കാരായ നേപ്പാളികൾ തൊഴിലില്ലായ്മ, വർധിക്കുന്ന പണപ്പെരുപ്പം, കടുത്ത ദാരിദ്ര്യം എന്നിവയുമായി പോരാടുമ്പോൾ, രാഷ്ട്രീയ നേതാക്കളുടെ കുട്ടികൾ - അല്ലെങ്കിൽ 'നെപോ കിഡ്സ്' - ആഡംബര കാറുകൾ, ഡിസൈനർ ഹാൻഡ്‌ബാഗുകൾ, അന്താരാഷ്ട്ര അവധികൾ എന്നിവ സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിക്കുന്നത് ജനരോഷം വർദ്ധിപ്പിച്ചു.