ഡൽഹി : കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയാനുള്ള നടപടികൾ ആരംഭിച്ച് സർക്കാർ. അരി, ഗോതമ്പ്, പഞ്ചസാര, ഇന്ധനം എന്നിവ പൂഴ്ത്തിവെയ്ക്കുന്നത് തടയുകയാണ് ലക്ഷ്യം. വിപണിയിൽ വിലക്കയറ്റം ഉണ്ടാകാതിരിക്കാൻ സാഹചര്യം കൃത്യമായി നിരീക്ഷിക്കണം എന്നും അതിർത്തി സംസ്ഥാനങ്ങളിൽ കരിഞ്ചന്തയും പൂഴ്ത്തി വെയ്പും ഉണ്ടാകാതിരിക്കാൻ അതീവ ജാഗ്രത വേണം എന്നുമാണ് കേന്ദ്ര സർക്കാർ നിർദേശം.
അവശ്യ സാധനങ്ങൾക്ക് ക്ഷാമമുണ്ടാവാതിരിക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ വ്യക്തമാക്കിയിട്ടുണ്ട്. എൽപിജി, പെട്രോൾ, ഡീസൽ എന്നിവയ്ക്ക് വിലക്കയറ്റം ഉണ്ടാവില്ലെന്നും അരിയും മറ്റ് അവശ്യ സാധനങ്ങളും വിലകൂട്ടി വിൽക്കുന്നത് കണ്ടാൽ ഉടൻ പരാതിപ്പെടണമെന്നും ഭഗവന്ത് മൻ പറഞ്ഞു. മൊത്തക്കച്ചവടക്കാർ ഉടനടി കയ്യിലെ സ്റ്റോക്കിന്‍റെ കണക്ക് ജില്ലാ ഭരണകൂടത്തിന് നൽകണം എന്നാണ് ഛണ്ഡീഗഡില്‍ പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ്. മൂന്ന് ദിവസത്തിനകം കൃത്യം കണക്കുകൾ നൽകണം എന്നാണ് ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നത്.