third modi government foreign minister s jaishankar takes charge
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിൽ വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റ് എസ് ജയശങ്കർ.രാജ്യത്തിന്റെ നെടുംതൂണുകളായ സുപ്രധാന വകുപ്പുകൾ മുൻ മന്ത്രിസഭയിലേത് പോലെ നിലനിർത്താൻ ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിദേശകാര്യ മന്ത്രിയായി ജയശങ്കർ ചുമതലയേറ്റത്.
വിദേശകാര്യ മന്ത്രാലയത്തെ നയിക്കാനുള്ള ചുമതല വീണ്ടും ഒരിക്കൽ തനിക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണെന്ന് ജയശങ്കർ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു.കഴിഞ്ഞ മോദി സർക്കാരിന്റെ കാലത്ത് വിദേശകാര്യ മന്ത്രാലയം ഒട്ടനവധി മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ചിരുന്നു.ജി 20 അദ്ധ്യക്ഷസ്ഥാനം ഭംഗിയായി നിർവഹിച്ചു. വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുത്തു. വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരെ സംരക്ഷിച്ചു. അവർക്ക് ആവശ്യമായ എല്ലാ പിന്തുണയും മോദി സർക്കാർ നൽകിയെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.
പ്രധാനപ്പെട്ട വകുപ്പുകളിൽ മികച്ച പ്രകടനം കാഴ്ചവച്ചതിനാലാണ് അതത് വകുപ്പുകളിലെ മന്ത്രിമാരെ നിലനിർത്താൻ സർക്കാർ തീരുമാനിച്ചത്. സുഷമ സ്വരാജിന് ശേഷം വിദേശകാര്യങ്ങളിൽ ഏറെ ശ്രദ്ധ നേടിയ പ്രവർത്തനം കാഴ്ചവെച്ച മന്ത്രിയാണ് എസ് ജയ്ശങ്കർ. ശക്തവും കരുത്തുറ്റതുമായ നയങ്ങളിലൂടെയും തീരുമാനങ്ങളിലൂടെയും രാജ്യത്തെ വിദേശ നയതന്ത്രം അദ്ദേഹം കൂടുതൽ ദൃഢമാക്കി.
മുൻ വിദേശകാര്യ സെക്രട്ടറിയായിരുന്ന എസ്. ജയശങ്കർ 2019 മെയ് 30-നാണ് വിദേശകാര്യ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. നട്വർ സിംഗിന് ശേഷം ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായി നിയമിതനായ രണ്ടാമത്തെ വിദേശകാര്യ സെക്രട്ടറി കൂടിയാണ് ജയശങ്കർ.