/kalakaumudi/media/media_files/2025/09/02/sashi-tharoor-2025-09-02-12-45-17.jpg)
തിരുവനന്തപുരം: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്തിയതിന് പിന്നാലെ യു.എസ് പ്രസിഡന്റ് ട്രംപും ഉദ്യോഗസ്ഥരും നടത്തിയ വിവാദപരാമര്‍ശങ്ങള്‍ക്ക് എതിരെ ശശി തരൂര്‍ എം.പി. തീരുവ ചുമത്തിയതും ട്രംപിന്റെയും ഉദ്യോഗസ്ഥരുടെയും അവഹേളനവും പൂര്‍ണമായും മറക്കാനും ക്ഷമിക്കാനും സാധിക്കില്ലെന്ന് തരൂര്‍ പറഞ്ഞു.
ട്രംപിന്റെ ക്ഷിപ്ര കോപത്തെ കുറിച്ചും ശശി തരൂര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പരാമര്‍ശിച്ചു. ട്രംപും മോദിയും അടുത്തസൗഹൃദത്തെ കുറിച്ച് സോഷ്യല്‍മീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയും സംസാരിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു തരൂരിന്റെ പ്രതികരണം.
'50 ശതമാനം തീരുവ ചുമത്തിയതും പിന്നാലെ പ്രസിഡന്റും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരും അപമാനിച്ചതും പൂര്‍ണമായി മറക്കാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല', ശശി തരൂര്‍ പറഞ്ഞു.
ഇന്ത്യ വൈകാതെ തന്നെ മാപ്പ് പറയുകയും ട്രംപുമായി കരാറിലെത്തുകയും ചെയ്യുമെന്ന് കഴിഞ്ഞദിവസം യു.എസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക്ക് പറഞ്ഞിരുന്നു. ഇതിനെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കും തരൂര്‍ മറുപടി പറഞ്ഞു. 'നമ്മള്‍ ഖേദം പ്രകടിപ്പിക്കേണ്ട കാര്യമില്ലെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യ വളരെ പക്വതയോടെയാണ് വിഷയത്തോട് പെരുമാറിയത്',തരൂര്‍ പ്രതികരിച്ചു.
ഇരുരാജ്യത്തേയും സര്‍ക്കാരുകളും നയതന്ത്രജ്ഞരും അടിയന്തിരമായി ചെയ്യേണ്ട ചില അറ്റകുറ്റപ്പണികള്‍ ഉണ്ട്. ട്രംപിന് തീര്‍ച്ചയായും ക്ഷിപ്രകോപമുണ്ട്. നമ്മുടെ രാജ്യത്തിന് ചില വേദനകളും അപമാനങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. 50 ശതമാനം താരിഫുകള്‍ ഇതിനകം തന്നെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയെന്നും തരൂര്‍ പറഞ്ഞു.
നിലവിലെ ട്രംപിന്റെ സ്വരമാറ്റത്തെ സംബന്ധിച്ച് 'ജാഗ്രത' പുലര്‍ത്തണമെന്ന് ശശി തരൂര്‍ ഓര്‍മിപ്പിച്ചു. ഈ വിഷയം പെട്ടെന്ന് തന്നെ മറക്കുകയും ക്ഷമിക്കുകയും ചെയ്യരുതെന്നും അദ്ദേഹം ഉപദേശിച്ചു.
നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മോഡി-ട്രംപ് സൗഹൃദത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ അടുത്തസൗഹൃദമുണ്ടെന്ന അവകാശവാദത്തില്‍ തനിക്ക് വലിയ വിശ്വാസമില്ലെന്നാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞത്.
പ്രധാനമന്ത്രി മോദി രാജ്യത്തിന്റെ ശത്രുവായി മാറിയെന്നും അദ്ദേഹം വിമര്‍ശിച്ചു. ട്രംപ് ഭരണകൂടം കനത്ത തീരുവ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ചുമത്തിയ സാഹചര്യത്തിലായിരുന്നു ഖാര്‍ഗെയുടെ വിമര്‍ശനം.
ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് കാരണം പരസ്പരം വോട്ട് തേടി എന്നത് മാത്രമാണ്. ഇന്ത്യയുടെ ചെലവിലാണ് മോദി-ട്രംപ് സൗഹൃദമുണ്ടായതെന്നും അതിന് ഇന്ത്യയെ തന്നെ വിലകൊടുക്കേണ്ടി വന്നെന്നും രാജ്യസഭയിലെ പ്രതിപക്ഷനേതാവ് കൂടിയായ ഖാര്‍ഗെ വിമര്‍ശിച്ചിരുന്നു.