thousands of children of Indian Americans face deportation risk
വാഷിംഗ്ടൺ: നിയമാനുസൃതമായി അമേരിക്കയിലേയ്ക്ക് കുടിയേറിയ ഇന്ത്യക്കാരുടെ മക്കൾ നാടുകടത്തൽ ഭീഷണിയിൽ.വലിയൊരു വിഭാഗം ഇന്ത്യക്കാർ അവരുടെ മാതാപിതാക്കളോടൊപ്പം ചെറുപ്പത്തിൽ യു.എസിൽ എത്തിയവരാണ്.ഇങ്ങനെ അമേരിക്കയിലെത്തിയവരാണ് ഇപ്പോൾ തിരിച്ച് ഇന്ത്യയിലേയ്ക്ക് നാടുകടത്തപ്പെടുന്ന അവസ്ഥയിൽ എത്തിനിൽക്കുന്നത്.താൽക്കാലിക തൊഴിൽ വിസയിൽ മാതാപിതാക്കളോടൊപ്പം യു.എസിൽ എത്തിയ ഇവർക്ക് 21 വയസ്സ് വരെയാണ് രാജ്യത്ത് തുടരാനാവുക.
അമേരിക്കയിൽ നിയമാനുസൃത കുടിയേറ്റക്കാരുടെ മക്കളായി ഏകദേശം 2,50,000 പേരുണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.അവരിൽ വലിയൊരു വിഭാഗം ഇന്ത്യക്കാരാണെന്നതാണ് ശ്രദ്ധേയം.ചെറുപ്പത്തിൽ യു.എസിൽ എത്തിയ ഇവരുടെ ആശ്രിത പദവി 21 വയസ്സ് തികഞ്ഞാൻ
സാധാരണ നഷ്ടപ്പെടും. നിയമപ്രകാരം അതിനു ശേഷം ഇവർക്ക് രാജ്യത്ത് തുടരാൻ കഴിയില്ല. 1.2 ദശലക്ഷത്തിലധികം ഇന്ത്യക്കാർ നിലവിൽ ഗ്രീൻ കാർഡിനായി കാത്തിരിക്കുകയാണ്.
എന്നാൽ ‘ഡോക്യുമെൻറഡ് ഡ്രീമേഴ്സ്’ എന്ന ഈ വിഭാഗത്തെ സഹായിക്കുന്നതിനുള്ള നിയമനിർമ്മാണത്തിന് റിപ്പബ്ലിക്കൻമാർ തടസ്സം നിൽക്കുകയാണെന്ന് വൈറ്റ് ഹൗസ് കുറ്റപ്പെടുത്തുന്നു. അതേസമയം, നിയമനിർമ്മാതാക്കളും അഭിഭാഷക ഗ്രൂപ്പുകളും ഈ വ്യക്തികളെ സംരക്ഷിക്കാൻ നടപടിയെടുക്കാൻ ആവശ്യപ്പെടുന്നുണ്ട്. ഈ വിഭാഗത്തെ സഹായിക്കുന്നതിനുള്ള നിർദേശം റിപ്പബ്ലിക്കന്മാർ നിരസിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ-പിയറി ദൈനംദിന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അമേരിക്കൻ നിയമപ്രകാരം ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്ട് ഒരു കുട്ടിയെ നിർവചിക്കുന്നത് അവിവാഹിതനും 21 വയസ്സിന് താഴെയുള്ളവനും എന്നാണ്. ഒരു വ്യക്തി കുട്ടിയായിരിക്കെ നിയമാനുസൃതമായ സ്ഥിരതാമസ (എൽ.പി.ആർ) പദവിക്ക് അപേക്ഷിക്കുകയും ഗ്രീൻ കാർഡിന് അംഗീകാരം ലഭിക്കുന്നതിന് മുമ്പ് 21 വയസ്സ് തികയുകയും ചെയ്താൽ അവരെ കുട്ടിയായി കണക്കാക്കില്ല.ഇതിനെ ഏജിംഗ് ഔട്ട് എന്ന് വിളിക്കുന്നു. അതിനർത്ഥം പ്രസ്തുത വ്യക്തിക്ക് സ്ഥിരതാമസ പദവിക്ക് പുതിയ അപേക്ഷ ഫയൽ ചെയ്യണം. ഗ്രീൻ കാർഡിനായി കൂടുതൽ സമയം കാത്തിരിക്കേണ്ടിയും വരാം.