മുംബൈ: സിബിഐ ഓഫീസറെന്ന വ്യാജേന 86 വയസുള്ള വയോധികയിൽനിന്ന് 20 കോടി രൂപ തട്ടിയെടുത്തു. സൗത്ത് മുംബൈയിലാണ് സംഭവം. വയോധികയുടെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഡിജിറ്റൽ അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. സംഭവവുമായി ബന്ധപ്പെട്ട് 20-കാരനായ ശയൻ ജമീൽ ഷെയ്ഖ് എന്ന മാലാഡ് സ്വദേശിയുൾപ്പെടെ മൂന്നുപേരെ പോലീസ് പിടികൂടി.സിബിഐ ഓഫീസറാണെന്ന് പരിചയപ്പെടുത്തിക്കൊണ്ട് ഒരാൾ വയോധികയുടെ ഫോണിലേക്ക് വിളിച്ചതോടെയാണ് തട്ടിപ്പിന്റെ ആരംഭം. 86-കാരിയുടെ ആധാർ കാർഡ് ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിൽ കള്ളപ്പണ ഇടപാട് നടക്കുന്നുവെന്നായിരുന്നു ഇയാൾ പറഞ്ഞത്. തങ്ങൾ പറയുന്നതുപോലെ ചെയ്തില്ലെങ്കിൽ വയോധികയെ ഡിജിറ്റൽ അറസ്റ്റ് ചെയ്യുമെന്നും ബന്ധുക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഗുരുതരമായ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുമെന്നും തട്ടിപ്പുകാരൻ ഭീഷണിപ്പെടുത്തി. ഇക്കാര്യം പുറത്തുപറയരുതെന്നും വീട്ടിൽത്തന്നെ കഴിയണമെന്നുകൂടി പറഞ്ഞതോടെ വയോധികയ്ക്ക് അനുസരിക്കാതെ വേറെ വഴിയില്ലാതെയായി.തുടർന്നുള്ള രണ്ടുമാസം ഇവർ വയോധികയെ നിരീക്ഷിക്കുകയായിരുന്നു. ദിവസവും തുടർച്ചയായി ഫോൺ ചെയ്ത് അവർ വീട്ടിൽത്തന്നെയുണ്ടെന്ന് ഉറപ്പാക്കി. ഈ സമയത്തിനിടെ തട്ടിപ്പുകാർ വയോധികയിൽനിന്ന് അക്കൗണ്ട് വേരിഫൈ ചെയ്യാനെന്നുപറഞ്ഞ് ബാങ്ക് വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് പണം അവർ പറയുന്ന അക്കൗണ്ടുകളിലേക്ക് നിക്ഷേപിപ്പിച്ചു. കേസന്വേഷണം കഴിയുമ്പോൾ ഈ പണം തിരികെ 86-കാരിയുടെ അക്കൗണ്ടിലേക്കുതന്നെ വരുമെന്നായിരുന്നു സംഘം വിശ്വസിപ്പിച്ചിരുന്നത്. രണ്ടുമാസംകൊണ്ട് തന്റെ സമ്പാദ്യത്തിൽനിന്ന് 20 കോടി രൂപയാണ് അവർ തട്ടിപ്പുകാർ പറഞ്ഞ അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചത്.വയോധികയുടെ അസ്വാഭാവികമായ പെരുമാറ്റം ശ്രദ്ധിച്ച അവരുടെ വീട്ടുസഹായിയുടെ ഇടപെടലാണ് തട്ടിപ്പ് പുറത്തുവരാൻ സഹായിച്ചത്. ഇവർ താൻ ശ്രദ്ധിച്ച കാര്യങ്ങൾ വയോധികയുടെ മകളെ അറിയിച്ചു. മകൾ ഈ വിവരം പോലീസിനെ അറിയിക്കുകയും കാര്യഗൗരവം മനസിലാക്കിയ പോലീസ് അന്വേഷണം ദ്രുതഗതിയിൽ തുടങ്ങുകയും ചെയ്തു. മോഷ്ടിക്കപ്പെട്ട പണം ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് പോയതായി സൈബർ പോലീസ് കണ്ടെത്തി. തുടർന്നുനടന്ന നീക്കത്തിൽ അവർ 77 ലക്ഷം രൂപ മരവിപ്പിക്കുകയും ഇതിൽ ഉൾപ്പെട്ട അക്കൗണ്ട് ഉടമകളെ തിരിച്ചറിയുകയും ചെയ്തു.മലാഡിൽനിന്നുള്ള 20-കാരൻ ശയൻ ജമീൽ ഷെയ്ഖിന്റെ അക്കൗണ്ടിൽനിന്ന് 4.99 ലക്ഷം രൂപയാണ് അന്വേഷണസംഘം കണ്ടെത്തിയത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ മീര റോഡിൽ നിന്നുള്ള റാസിഖ് അസാൻ ബട്ട്, അന്ധേരിയിൽ നിന്നുള്ള ഹൃതിക് ശേഖർ താക്കൂർ എന്നിവരെക്കൂടി അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്.
വയോധികയിൽനിന്ന് 20 കോടി തട്ടി, മൂന്നുപേർ അറസ്റ്റിൽ
സംഭവവുമായി ബന്ധപ്പെട്ട് 20-കാരനായ ശയൻ ജമീൽ ഷെയ്ഖ് എന്ന മാലാഡ് സ്വദേശിയുൾപ്പെടെ മൂന്നുപേരെ പോലീസ് പിടികൂടി.സിബിഐ ഓഫീസറാണെന്ന് പരിചയപ്പെടുത്തിക്കൊണ്ട് ഒരാൾ വയോധികയുടെ ഫോണിലേക്ക് വിളിച്ചതോടെയാണ് തട്ടിപ്പിന്റെ ആരംഭം
New Update