പുരി ജഗന്നാഥ രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മൂന്ന് മരണം ; പത്ത് പേര്‍ക്ക് പരിക്ക്

ജഗന്നാഥ ക്ഷേത്രത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ശ്രീ ഗുംഡിച ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്.ദര്‍ശനത്തിനായി വലിയൊരു ജനക്കൂട്ടം തടിച്ചുകൂടി.

author-image
Sneha SB
New Update
PURI JAGANNATH

ന്യൂഡല്‍ഹി : ഒഡീഷയിലെ പുരിയില്‍ ജഗന്നാഥ ക്ഷേത്ര രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേര്‍ മരിച്ചു.ഇതില്‍ രണ്ട്‌പേര്‍ സ്ത്രീകളാണ്, പത്ത് പേര്‍ക്ക് പരിക്കേറ്റു. ജഗന്നാഥ ക്ഷേത്രത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ശ്രീ ഗുംഡിച ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്.ദര്‍ശനത്തിനായി വലിയൊരു ജനക്കൂട്ടം തടിച്ചുകൂടി. തിക്കും തിരക്കും കൂടിയതോടെ ചിലര്‍ നിലത്ത് വീണു. മൂന്ന് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പ്രഭാതി ദാസ്, ബസന്തി സാഹു ,70 വയസ്സുള്ള പ്രേമകാന്ത് മൊഹന്തി എന്നിവരാണ് മരിച്ചത്. മൂവരും ഖുര്‍ദ ജില്ലയില്‍ നിന്നുള്ളവരാണെന്നും രഥയാത്രയ്ക്കായി പുരിയില്‍ എത്തിയതാണെന്നുമാണ് വിവരം.പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും പരിശോധനയില്‍ മരണകാരണം കൃത്യമായി വ്യക്തമാകുമെന്നും പുരി കളക്ടര്‍ സിദ്ധാര്‍ത്ഥ് ശങ്കര്‍ സ്വെയിന്‍ പറഞ്ഞു. മതിയായ സുരക്ഷാ സംവിധാനങ്ങള്‍ നിലവിലുണ്ടായിരുന്നുവെങ്കിലും പെട്ടെന്ന് ജനക്കൂട്ടം നിയന്ത്രണാതീതമായതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നും പറഞ്ഞു.ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള പോലീസ് നടപടികള്‍ അപര്യാപ്തമായിരുന്നെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

puri jagannath temple accidental death