ചെന്നൈ പല്ലാവരത്ത് മലിനജലം കുടിച്ച മൂന്നുപേര്‍ മരിച്ചു. ഛര്‍ദിയും വയറിളക്കവുമായി മുപ്പതുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊതുശുചിമുറിയിലെ മാലിന്യം കലര്‍ന്ന വെള്ളം കുടിച്ചാണു മരണം സംഭവിച്ചത്. സെപ്റ്റിക് ടാങ്ക് പൊട്ടി മലിനജലം ഓടയിലൂടെ ഒഴുകി പൊതുജലം സംഭരിക്കുന്നയിടത്തേക്ക് കലരുകയായിരുന്നു. ഇതേസമയത്തു തന്നെ ചെന്നൈയില്‍ വെള്ളപ്പൊക്കമുണ്ടായതും മാലിന്യം കുടിവെള്ളത്തില്‍ കലരാനിടയാക്കി.
ബുധനാഴ്ച വൈകിട്ടോടുകൂടി പല്ലാവരം നിവാസികളില്‍ നിരവധി പേര്‍ക്ക് ഛര്‍ദിയും വയറിളക്കവും ഉണ്ടാവുകയും മുപ്പത്തിയഞ്ചോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ മൂന്നുപേരാണ് മരണമടഞ്ഞിരിക്കുന്നത്.
അതിനിടെ മലിനജലം കുടിവെള്ളത്തില്‍ കലര്‍ന്നിട്ടില്ലെന്നും ഭക്ഷണത്തില്‍ നിന്നാകാം രോഗബാധയുണ്ടായത് എന്നുമാണ് മന്ത്രി ടി.എന്‍ അന്‍പരശന്‍ പ്രതികരിച്ചത്. മന്ത്രിയുടെ ഈ നിഗമനത്തെ പല്ലാവരം നിവാസികള്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. പൊതുശുചിമുറികളില്‍ നിന്നും മാലിന്യം കുടിവെള്ളത്തില്‍ കലരുന്നത് ഇതാദ്യമായിട്ടല്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്.