ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടലിൽ മൂന്ന് ഖലിസ്ഥാനി തീവ്രവാദികളെ വധിച്ചു; കൊല്ലപ്പെട്ടത് പഞ്ചാബിലെ പോലീസ് സ്റ്റേഷനിൽ ഗ്രനേഡ് ആക്രമണം നടത്തിയവർ

പാകിസ്ഥാന്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്സിന്റെ ഭാഗമാണ് മൂവരുമെന്ന് പഞ്ചാബ് പൊലീസ്

author-image
Subi
New Update
terrorist

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പോലീസും തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്നു പേർ കൊല്ലപ്പെട്ടു.പഞ്ചാബില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച മൂന്ന് ഖലിസ്ഥാനി തീവ്രവാദികളെയാണ് ഉത്തര്‍പ്രദേശില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ വധിച്ചത്. ഖലിസ്ഥാന്‍ പ്രവര്‍ത്തകരായ ഗുര്‍വീന്ദര്‍ സിങ്, വീരേന്ദ്ര സിങ്, ജസന്‍പ്രീത് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ നിന്ന് എകെ സീരീസില്‍പ്പെട്ട രണ്ട് റൈഫിളുകളും ഗ്ലോക്ക് പിസ്റ്റളുകളും കണ്ടെടുത്തിട്ടുണ്ട്.

പഞ്ചാബ് അതിര്‍ത്തിയിലെ പൊലീസ് സ്റ്റേഷനുകളില്‍ ഇവര്‍ ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു. അക്രമികള്‍ യുപിയിലെ പിലിഭിത്തിലെ പി എസ് പിരന്‍പൂര്‍ മേഖലയില്‍ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശ്, പഞ്ചാബ് പൊലീസ് സംയുക്തമായി വളയുകയായിരുന്നു.അതേസമയം പാകിസ്ഥാന്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്സിന്റെ ഭാഗമാണ് മൂവരുമെന്ന് പഞ്ചാബ് പൊലീസ് പറഞ്ഞു.

 

അക്രമികളെ അറസ്റ്റ് ചെയ്ത് പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് സംഘത്തിനു നേര്‍ക്ക് ഇവർ നിറയൊഴിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ തിരിച്ചടിയിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. ഈ സംഘത്തില്‍പ്പെട്ട മറ്റാരെങ്കിലും ഉണ്ടോയെന്ന് അന്വേഷണം നടത്തിവരികയാണെന്ന് പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് വ്യക്തമാക്കി. ഒരാഴ്ചയ്ക്കിടെ പഞ്ചാബിലെ മൂന്ന് പൊലീസ് സ്റ്റേഷനുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

KhalistaniTerrorist punjab UP