/kalakaumudi/media/media_files/2026/02/10/teena-ambni-2026-02-10-13-15-44.jpg)
മുംബൈ: അനില്‍ അംബാനിയുടെ ഭാര്യ ടീന അംബാനിയുടെ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതായി സൂചന. 40,000 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ED) ചോദ്യം ചെയ്യലിന് വിളിച്ചിരുന്നെങ്കിലും അവര്‍ ഹാജരായില്ല. ഇതോടെ അവര്‍ക്ക് പുതിയ സമന്‍സ് അയക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ ഏജന്‍സി.
ഇന്നലെ ഡല്‍ഹിയിലെ ഇഡി ആസ്ഥാനത്ത് ഹാജരാകാനാണ് ടീന അംബാനിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നിശ്ചയിച്ച സമയത്ത് അവര്‍ എത്തിയില്ല. ഇതേത്തുടര്‍ന്ന് ഉടന്‍ തന്നെ രണ്ടാമത്തെ സമന്‍സ് അയക്കുമെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു. അനില്‍ അംബാനിയുടെയും ഗ്രൂപ്പ് കമ്പനികളുടെയും പേരില്‍ ആരോപിക്കപ്പെടുന്ന വലിയ തോതിലുള്ള ബാങ്ക് തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്.
സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദ്ദേശത്തെത്തുടര്‍ന്ന് അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പിനെതിരെയുള്ള (ADAG) കേസുകള്‍ അന്വേഷിക്കാന്‍ ഇഡി ഒരു പ്രത്യേക അന്വേഷണ സംഘത്തിന് (SIT) രൂപം നല്‍കിയിട്ടുണ്ട്. ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിലെ അഡീഷണല്‍ ഡയറക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ഈ സംഘത്തെ നയിക്കുന്നത്. അര ഡസനോളം മറ്റ് ഉദ്യോഗസ്ഥരും ഈ സംഘത്തിലുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് സുപ്രീം കോടതി ഈ കേസില്‍ സുപ്രധാന ഇടപെടല്‍ നടത്തിയത്. അനില്‍ അംബാനി ഗ്രൂപ്പിനെതിരെയുള്ള അന്വേഷണത്തില്‍ കാലതാമസം ഉണ്ടാകുന്നുവെന്ന് നിരീക്ഷിച്ച കോടതി, നിഷ്പക്ഷവും വേഗത്തിലുള്ളതുമായ അന്വേഷണം ഉറപ്പാക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ ഉത്തരവിടുകയായിരുന്നു. കേസ് സിബിഐയും (CBI) സമാന്തരമായി അന്വേഷിക്കുന്നുണ്ട്.
റിലയന്‍സ് ഗ്രൂപ്പിലെ മുതിര്‍ന്ന എക്‌സിക്യൂട്ടീവ് പുനീത് ഗാര്‍ഗിനെ കഴിഞ്ഞ ആഴ്ച ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ടിന അംബാനി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇടപാടുകളിലുള്ള പങ്കിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ന്യൂയോര്‍ക്കിലെ മാന്‍ഹട്ടനില്‍ 70 കോടി രൂപയുടെ ഫ്‌ലാറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട പണമിടപാടുകളെക്കുറിച്ചും ഇഡി അന്വേഷിക്കുന്നുണ്ട്. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് ബാങ്കുകളില്‍ നിന്ന് ലഭിച്ച തുക ഇത്തരത്തില്‍ വകമാറ്റിയെന്നാണ് സംശയിക്കുന്നത്.
കഴിഞ്ഞ ഒരു വര്‍ഷമായി അനില്‍ അംബാനിക്കും കമ്പനികള്‍ക്കുമെതിരെ ഇഡി അന്വേഷണം നടത്തിവരികയാണ്. ഇതിനോടകം കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (PMLA) മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുവരെ ഏകദേശം 12,000 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. കഴിഞ്ഞ ദിവസങ്ങളില്‍ നവി മുംബൈയിലെ ധീരുഭായ് അംബാനി നോളജ് സിറ്റിയിലെ 132 ഏക്കറിലധികം ഭൂമിയും ഇഡി താല്‍ക്കാലികമായി പിടിച്ചെടുത്തിരുന്നു.
അനില്‍ അംബാനി രാജ്യം വിടില്ലെന്ന് സുപ്രീം കോടതിയില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ബാങ്ക് ഉദ്യോഗസ്ഥരുടെ ഒത്തുകളിയിലൂടെ വന്‍തുക ലോണുകള്‍ തരപ്പെടുത്തിയെന്ന ആരോപണത്തില്‍ സിബിഐയും കര്‍ശനമായ പരിശോധനകള്‍ നടത്തിവരികയാണ്. അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി എഡിഎജി ഗ്രൂപ്പിലെ കൂടുതല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും കുടുംബാംഗങ്ങളെയും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്‌തേക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
