/kalakaumudi/media/media_files/2025/11/25/tamil-rain-2025-11-25-09-40-24.jpg)
ചെന്നൈ: തമിഴ്‌നാട്ടില്‍ മഴക്കെടുതിയില്‍ മരണം 5 ആയി. തിരുവാരൂരില്‍ ഒരു സ്ത്രീ ഷോക്കേറ്റ് മരിച്ചു. നന്നിലത്ത് സ്വദേശി ജയന്തി (40) ആണ് മരിച്ചത്. തിരുനെല്‍വേലി, തൂത്തുക്കൂടി , തേനി അടക്കം തമിഴ്‌നാട്ടിലെ 5 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുനെല്‍വേലി കുറുക്കുത്തുറൈ മുരുകന്‍ ക്ഷേത്രത്തില്‍ വെള്ളം കയറി.
താമിരഭരണി നദിയുടെ തീരത്ത് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. നാഗപട്ടണത്ത് 15,000 ഏക്കറില്‍ കൃഷി നാശം ഉണ്ടായി. തൂത്തുക്കുടിയില്‍ സ്ഥിതി വഷളായതിനെത്തുടര്‍ന്ന് എന്‍ ഡി ആര്‍ എഫ് സംഘം എത്തിയിട്ടുണ്ട്. തൂത്തുക്കൂടി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളം കയറിയതോടെ രോഗികളെ സ്ഥലത്ത് നിന്നും മാറ്റി. ഡെല്‍റ്റ ജില്ലകളിലും ചെന്നൈയിലും മഴ കുറയുന്നു. ദക്ഷിണ ആന്‍ഡമന്‍ കടലില്‍ ഇന്ന് ന്യൂനമര്‍ദം രൂപപ്പെടും. മറ്റന്നാള്‍ സെന്യാര്‍ ചുഴലിക്കാറ്റ് ആയി മാറിയെക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേ സമയം, കേരളത്തിലും മഴ സാധ്യതാ മുന്നറിയിപ്പുണ്ട്. ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. ഉച്ചയ്ക്ക് ശേഷം മഴ കൂടുതല്‍ ശക്തിപ്രാപിച്ചേക്കും. ഇടിമിന്നലിനും സാധ്യതയുണ്ട്. കേരളാ തീരത്ത് മീന്‍പിടിത്തത്തിന് വിലക്ക് തുടരുകയാണ്. കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാത ചുഴി അടുത്ത മണിക്കൂറുകളില്‍ ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളിലും ചക്രവാതചുഴി സ്ഥിതിചെയ്യുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
