/kalakaumudi/media/media_files/2025/08/29/gst-2025-08-29-12-20-47.jpg)
ന്യൂഡല്‍ഹി: ജിഎസ്ടി പരിഷ്‌ക്കരണത്തിനു പിന്നാലെ ഉയര്‍ന്ന പരാതികള്‍ പരിഹരിക്കാന്‍ കാബിനറ്റ് സെക്രട്ടേറിയറ്റ് വിളിച്ച ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ നിര്‍ണായക യോഗം ഇന്ന്. ഓട്ടോമൊബൈല്‍, ടെക്‌സ്‌റ്റൈല്‍സ്, വളം തുടങ്ങിയ മേഖലകളിലെ പ്രശ്‌ന പരിഹരത്തിനായാണ് യോഗം വിളിച്ചതെന്നാണ് വിവരം. ജിഎസ്ടി നിരക്ക് കുറയ്ക്കുന്നതിലൂടെയുള്ള ആനുകൂല്യങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് മന്ത്രാലയങ്ങള്‍ക്ക് വ്യവസായ മേഖലയുമായി എങ്ങനെ ബന്ധപ്പെടാമെന്നതും യോഗം ചര്‍ച്ച ചെയ്യും.
ഫാക്ടറിയില്‍ നിന്ന് പുറത്ത് ഇറങ്ങി സെപ്റ്റംബര്‍ 22-ന് ശേഷം വില്‍ക്കാനുള്ള വാഹനങ്ങളില്‍ ഈടാക്കിയ സെസ് ക്രമീകരിക്കുന്നതിനുള്ള പ്രശ്‌നമാണ് പ്രധാനമായി ഓട്ടോമൊബൈല്‍ മേഖലയില്‍ നിന്ന് ഉയരുന്നത്. നിര്‍മ്മാണ വസ്തുക്കളുടെ ജിഎസ്ടിയില്‍ കുറവില്ലെന്നാണ് ചൂണ്ടിക്കാട്ടി സൈക്കിള്‍, ട്രാക്ടറുകള്‍, വളം വ്യവസായ പ്രതിനിധികള്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.
ടെക്‌സ്‌റ്റൈല്‍സ്, വസ്ത്ര വ്യവസായ പ്രതിനിധികളും ജിഎസ്ടി പരിഷ്‌കരണം വിപണിയില്‍ അസമത്വം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി. 2500 രൂപയ്ക്ക് മുകളില്‍ ഉള്ള വസ്ത്രങ്ങള്‍ക്ക് 18 ശതമാനവും അതിന് താഴെയാണെങ്കില്‍ അഞ്ചു ശതമാനം ജിഎസ്ടിയുമായാണ് പരിഷ്‌കരണം. എന്നാല്‍ വസ്ത്ര നിര്‍മ്മാണത്തിനുള്ള ഫാബ്രിക്കിന് 5 ശതമാനമാണ് ജിഎസ്ടി, ഇത് സാങ്കേതിക തടസങ്ങള്‍ ഉണ്ടാക്കും എന്നാണ് വസ്ത്ര വ്യാപാരികള്‍ പറയുന്നത്.
ജിഎസ്ടി പരിഷ്‌കരണം നടപ്പിലാക്കുമ്പോള്‍, പ്രത്യേകിച്ച് കാര്‍ഷിക ഇനങ്ങള്‍ക്കും ട്രാക്ടറുകള്‍ക്കും, വിപരീത തീരുവ ഘടനയിലെ അപാകതകള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ബോധപൂര്‍വ്വം പ്രവര്‍ത്തിച്ചിരുന്നു. ട്രാക്ടര്‍ വ്യവസായത്തില്‍, യന്ത്രസാമഗ്രികളുടെയും പാര്‍ട്‌സുകളുടെയും നിരക്ക് 5 ശതമാനമായി കുറച്ചിട്ടുണ്ട്. എന്നാല്‍ ചില ഭാഗങ്ങള്‍ ഇപ്പോഴും മറ്റു ഓട്ടോ പാര്‍ട്‌സുകള്‍ക്കൊപ്പം 18 ശതമാനം തീരുവയിലാണ്. കൂടാതെ, സൈക്കിളുകളുടെ ജിഎസ്ടി 5 ശതമാനമായി കുറച്ചിട്ടുണ്ട്. എന്നാല്‍ സ്റ്റീല്‍, പ്ലാസ്റ്റിക് മുതലായ അസംസ്‌കൃത വസ്തുക്കളുടെ ജിഎസ്ടി 18 ശതമാനമായി തുടരുകയാണ്.