ഇന്‍ഡോറില്‍ ട്രാഫിക് ജാം നീണ്ടത് 32 മണിക്കൂര്‍; മൂന്നു പേര്‍ക്ക് ദാരുണാന്ത്യം

നാലായിരത്തോളം വാഹനങ്ങളാണ് ഹൈവേയില്‍ ഒന്നര ദിവസത്തോളം കുടുങ്ങിക്കിടന്നത്.ഹൈവേയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളും കനത്ത മഴമൂലം ഉണ്ടായ വെള്ളക്കെട്ടുമാണ് വന്‍ ഗതാഗതക്കുരുക്കിന് കാരണമായത്.

author-image
Sneha SB
Updated On
New Update
TRAFFIC JAM

ഇന്‍ഡോര്‍ : ഇന്‍ഡോര്‍-ദേവാസ് ഹൈവേയിലുണ്ടായ, 32 മണിക്കൂര്‍ നീണ്ട ഗതാഗതക്കുരുക്കില്‍ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം.എട്ടു കിലോമീറ്ററിലധികമാണ് ട്രാഫിക് ജാം ഉണ്ടായിരുന്നത്.നാലായിരത്തോളം വാഹനങ്ങളാണ് ഹൈവേയില്‍ ഒന്നര ദിവസത്തോളം കുടുങ്ങിക്കിടന്നത്.ഹൈവേയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളും കനത്ത മഴമൂലം ഉണ്ടായ വെള്ളക്കെട്ടുമാണ് വന്‍ ഗതാഗതക്കുരുക്കിന് കാരണമായത്.ഗതാഗതം സര്‍വീസ് റോഡുകളിലൂടെ വഴിതിരിച്ചുവിട്ടതോടെ അവിടവും കുരുക്കിലായി.

സന്ദീപ് പട്ടേല്‍ (32) എന്ന യുവാവിനെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്കെത്തിക്കുന്നവഴിയാണ് വാഹനം ഗതാഗത കുരുക്കില്‍പ്പെടുന്നത്.മണിക്കൂറുകളോളം ഇവിടെ കുടുങ്ങിയ സന്ദീപ് ഒടുവില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു.കമല്‍ പഞ്ചല്‍ (62), ബല്‍റാം പട്ടേല്‍ (55) എന്നിവരാണ് ഗതാഗതക്കുരുക്കില്‍പ്പെട്ട് ജീവന്‍ നഷ്ടമായ മറ്റു രണ്ടുപേര്‍.വെള്ളിയാഴ്ചയാണ് ഇരുവരുടെയും മരണം റിപ്പോര്‍ട്ട് ചെയ്തത്. ഒന്നര മണിക്കൂറോളം തങ്ങള്‍ ഗതാഗതക്കുരുക്കില്‍ പെട്ടുവെന്നും ഈ സമയം അസ്വസ്ഥത അനുഭവപ്പെട്ട അച്ഛന്‍ കാറില്‍ ബോധരഹിതനായി വീഴുകയായിരുന്നുവെന്നും കമല്‍ പഞ്ചലിന്റെ മകന്‍ വിജയ് പഞ്ചല്‍ പറഞ്ഞു.ഒടുവില്‍ ദേവാസിലെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും അച്ഛന്‍ മരിച്ചിരുന്നുവെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.അതേസമയം, ഹൈവേയില്‍ തടസമില്ലാത്ത ഗതാഗതം ഉറപ്പാക്കാന്‍ എന്‍എച്ച്എഐ, ഐഎംസി, ട്രാഫിക് പോലീസ്, പിഡബ്ല്യുഡി ഉദ്യോഗസ്ഥരോട് ഇന്‍ഡോര്‍ കളക്ടര്‍ ആശിഷ് സിങ് നിര്‍ദേശിച്ചു.

death traffic jam