ന്യൂഡല്‍ഹി: 2023 ജൂൺ രണ്ടിനാണ്, ഒഡിഷയിലെ ബാലസോര്‍ ജില്ലയിലെ ബഹനാഗയിൽ രാജ്യത്തെ നടുക്കിയ ട്രെയിൻ ദുരന്തമുണ്ടായത് . 296 പേരുടെ ജീവൻ കവർന്ന ബാലസോര്‍ അപകടത്തോടെ റെയിൽവേയിലെ സിഗ്നലിങ്, ഓപ്പറേഷൻസ് വിഭാഗത്തിന്റെ പ്രവർത്തനം ഏറെ ചർച്ചയായിരുന്നു. അപകടങ്ങൾ കുറയ്ക്കാൻ 'കവച്' സംവിധാനം എല്ലാ തീവണ്ടികളിലും കൊണ്ടുവരണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ, സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിൽ റെയിൽവേ ഇപ്പോഴും പരാജയപ്പെടുന്നുവെന്ന വസ്തുതയിലേക്കാണ് ഇപ്പോഴത്തെ ബംഗാൾ ട്രെയിനപകടവും വിരൽചൂണ്ടുന്നത്.
ബാലസോര്‍ അപകടത്തിൽ സിഗ്നലിങ്, ഓപ്പറേഷൻസ് വിഭാഗത്തിലെ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് ട്രെയിൻ ദുരന്തത്തിന് കാരണമായത്. അന്ന് കവച് സംവിധാനം ഏല്ലായിടത്തും നടപ്പാക്കേണ്ടതിന്‍റെ ആവശ്യകത നിരവധി വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോൾ ഒരു വർഷത്തിന് ശേഷം നാടിനെ നടുക്കി വീണ്ടും തീവണ്ടി അപകടം സംഭവിക്കുമ്പോൾ, സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല.
ഒഡിഷയിൽ ചെന്നൈ-കോറമണ്ഡൽ എക്സ്‌പ്രസ്, ചരക്കുതീവണ്ടി, ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എന്നീ വണ്ടികളായിരുന്നു അപകടത്തിൽപ്പെട്ടത്. 296 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കോറമണ്ഡല്‍ എക്‌സ്പ്രസ് സിഗ്നല്‍ തെറ്റി മറ്റൊരു ട്രാക്കിലേക്ക് കയറി നിര്‍ത്തിയിട്ടിരുന്ന ചരക്കു തീവണ്ടിയിലേക്ക് ഇടിക്കുകയും ഇതിന്റെ ആഘാതത്തിൽ കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ ചില കോച്ചുകള്‍ തെറിച്ച് എതിര്‍ദിശയിലൂടെ കടന്നുപോകുകയായിരുന്നു ബെംഗളൂരു-ഹൗറ എക്‌സ്പ്രസിന്റെ അവസാന നാല് കോച്ചുകളില്‍ ചെന്ന് പതിക്കുകയും ചെയ്തു. കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ കോച്ചുകള്‍ ബെംഗളൂരു-ഹൗറ എക്‌സ്പ്രസിന്റെ മുന്നിലേക്കാണ് എത്തിയതെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി ഇതിനേക്കാളും വലുതാകുമായിരുന്നു.