/kalakaumudi/media/media_files/2025/10/05/bengal-2025-10-05-17-33-48.jpg)
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ നിരവധി മരണം. ഡാര്‍ജിലിംഗ്, കലിംപോംഗ് ജില്ലകളിലെ വിവിധയിടങ്ങളില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ 14 പേര്‍ മരണപ്പെട്ടതായാണ് വിവരം. നിരവധി ആളുകളെ കാണാതായതായിട്ടുണ്ട്. എന്‍ഡിആര്‍എഫിന്റെയും ലോക്കല്‍ പൊലീസിന്റെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനും പുരോഗമിക്കുകയാണ്.
നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടുപോയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രാദേശിക ഭരണകൂടവും പൊലീസും ദുരന്ത നിവാരണ സേനകളും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ഡാര്‍ജിലിംഗ് സബ് ഡിവിഷണല്‍ ഓഫീസര്‍ (എസ്ഡിഒ) റിച്ചാര്‍ഡ് ലെപ്ച പിടിഐയോട് പറഞ്ഞു. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ മിരിക് ലേക് മേഖലയില്‍ ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ജില്ലാ ഭരണകൂടത്തിന്റെ കണക്കുകള്‍ പ്രകാരം ഇതുവരെ ഒമ്പത് മരണങ്ങള്‍ ഇവിടെ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സര്‍സാലിയിലും ജാസ്ബിര്‍ഗാവില്‍ നാലു പേര്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മേച്ചിയിലെ ധാര്‍ ഗാവില്‍ നിന്ന് നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇവിടെ മണ്ണിടിച്ചിലില്‍ കുടുങ്ങിയ നാലു പേരെ രക്ഷപ്പെടുത്തി. പ്രതികൂല കാലാവസ്ഥയും വ്യാപക നാശനഷ്ടങ്ങളും രക്ഷാപ്രവര്‍ത്തില്‍ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ആശങ്ക.
അതേസമയം, ഡാര്‍ജിലിങ്ങില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. കനത്ത മഴയും മണ്ണിടിച്ചിലുമുണ്ടായ ഡാര്‍ജിലിംഗിലെയും പരിസര പ്രദേശങ്ങളിലെയും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.