ബെംഗളൂരു: അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന ഇൻഡി​ഗോ വിമാനത്തിൽ ടെമ്പോ ട്രാവലർ ഇടിച്ചതായി റിപ്പോർട്ട്. സംഭവത്തെ തുടർന്ന് ട്രാവലറിന്റെ ഡ്രൈവറെ ​പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും റിപ്പോർട്ടുണ്ട്. 18 ന് ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. എഞ്ചിന്റെ അറ്റകുറ്റപണികൾക്ക് വേണ്ടിയാണ് വിമാനം നിർത്തിയിട്ടിരുന്നതെന്നാണ് റിപ്പോർട്ട്.
വിമാനത്താവളത്തിലെ ജീവനക്കാരുമായി എത്തിയ ട്രാവലറാണ് ഈ വിമാനത്തിൽ ഇടിച്ചത്. ജീവനക്കാരെ ഇറക്കുന്നതിനിടെ ട്രാവലർ മുന്നോട്ട് നീങ്ങുകയായിരുന്നും അങ്ങനെയാണ് അപകടമുണ്ടായതെന്നുമാണ് റിപ്പോർട്ട്. ജീവനക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല.
അപകടത്തിൽ ട്രാവലറിന്റെ മുകൾഭാ​ഗം തകർന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നിട്ടുണ്ട്. വിഷയത്തിൽ ആഭ്യന്തര അന്വേഷണം നടക്കുകയാണ്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്