സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി;മൂന്ന് പേർ പിടിയിൽ

ചോദ്യം ചെയ്യലിൽ, സെയ്ഫിന്റെ സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായും ഇതിന്റെ പ്രതികാരമായാണ് സെയ്ഫ് ഫാഹിമിനെ കൊലപ്പെടുത്തിയതെന്നും പ്രതികൾ സമ്മതിച്ചതായി എഫ്‌ഐആറിൽ പറയുന്നു

author-image
Honey V G
Updated On
New Update
mlvnisk

മുംബൈ:അടുത്തിടെ മുംബൈയിലെ മലാഡ് മാൽവാനിയിൽ നടന്ന ഒരു കൊലപാതക കേസിലാണ് 3 പ്രതികളെ അറസ്റ്റ് ചെയ്തത്. ഫാഹിം നസീർ എന്ന ഫാഹിം മക്മാച്ചാണ് കൊല്ലപ്പെട്ടത്.

കേസിൽ ബൈക്കുള പോലീസ് ഫാഹിമിന്റെ അയൽവാസി മുഹമ്മദ് സെയ്ഫ് ഷെയ്ഖ് (28)സുഹൃത്തുക്കളായ അസിം ഖാൻ (19)സൂരജ് താക്കൂർ (19) എന്നിവരെ അറസ്റ്റ് ചെയ്തു. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് മൂവരെയും അറസ്റ്റ് ചെയ്തത്.

ഏപ്രിൽ 15 മുതൽ ഫാഹിം നസീറിനെ കാണാതായതായി കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. അതേസമയം ഫാഹിം നസീറിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒരു ബാഗിലാക്കി 3 പേർ ചേർന്ന് മലാഡ് വെസ്റ്റിലെ മാർവെ റോഡിലെ തുറന്ന ഒരു അഴുക്ക് ചാലിൽ ഉപേക്ഷിക്കുന്നതായി കണ്ട ചിലർ പോലീസിൽ വിവരം നൽകി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പോലീസ് കുറ്റവാളി കളിലേക്ക് എത്തി ചേർന്നത്. പിന്നീട് സംഘം മാൽവാനിയിലെ ഇവർ താമസിക്കുന്ന ഫ്ലാറ്റിലെത്തി മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

ചോദ്യം ചെയ്യലിൽ, സെയ്ഫിന്റെ സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായും ഇതിന്റെ പ്രതികാരമായാണ് സെയ്ഫ് ഫാഹിമിനെ കൊലപ്പെടുത്തിയതെന്നും പ്രതികൾ സമ്മതിച്ചതായി എഫ്‌ഐആറിൽ പറയുന്നു. മൂവരും ചേർന്ന് ഫാഹിമിനെ മർദ്ദിക്കുന്നത് താക്കൂറിന്റെ ഫോണിൽ നിന്ന് കണ്ടെടുത്തതായും, കൊലപാതകത്തിന്റെ യഥാർത്ഥ കാരണം വരും ദിവസങ്ങളിൽ പുറത്ത് വിടുമെന്നും പോലിസ് അധികൃതർ പറഞ്ഞു.