തൃണമൂലിന്റെ സമരപ്പന്തല്‍ സൈന്യം പൊളിച്ചു, സൈനിക ട്രക്ക് പിടിച്ച് പൊലീസ്

കൊല്‍ക്കത്ത നഗരഹൃദയത്തിലെ കരസേനയുടെ നിയന്ത്രണത്തിലുള്ള മൈതാന്‍ ഏരിയയിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സമരപ്പന്തല്‍ തിങ്കളാഴ്ചയാണ് സൈന്യം പൊളിച്ചത്. കരസേനയുടെ കിഴക്കന്‍ മേഖലാ ആസ്ഥാനമായ ഫോര്‍ട് വില്യംസ് ഇവിടെയാണ്.

author-image
Biju
New Update
mamta

കൊല്‍ക്കത്ത: അനധികൃതമെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസിന്റെ സമരപ്പന്തല്‍ സൈന്യം പൊളിച്ചതിനു പിന്നാലെ സൈന്യത്തിന്റെ ട്രക്ക് പിടിച്ചെടുത്ത് ബംഗാള്‍ പൊലീസ്. ട്രക്ക് ഹരേ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. കൊല്‍ക്കത്ത പൊലീസ് കമ്മിഷണര്‍ മനോജ് വര്‍മയുടെ വാഹനവ്യൂഹത്തിന് അപകടമുണ്ടാക്കുന്ന തരത്തില്‍ അമിതവേഗത്തിലായിരുന്നു ട്രക്കെന്ന് പൊലീസ് പറഞ്ഞു.

ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സമരപ്പന്തല്‍ പൊളിച്ചതിനുള്ള മറുപടിയായാണ് പൊലീസ് നടപടി എന്ന് ആരോപണമുണ്ട്. അപകടകരമായ ഡ്രൈവിങ്ങിന് കേസെടുക്കുക മാത്രമാണ് ചെയ്തതെന്നും ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടെന്നും മറ്റ് അഭ്യൂഹങ്ങള്‍ക്ക് അര്‍ഥമില്ലെന്നും പൊലീസ് അറിയിച്ചു.

വലതുവശത്തേക്ക് തിരിയാന്‍ അനുമതിയില്ലാത്ത സ്ഥലത്ത് ട്രക്ക് പൊടുന്നനെ തിരിയാന്‍ ശ്രമിച്ചെന്നും പിന്നിലുണ്ടായിരുന്ന കമ്മിഷണറുടെ വാഹനം ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും പൊലീസ് പറഞ്ഞു. സൈന്യത്തിന്റെ കിഴക്കന്‍ മേഖലാ ആസ്ഥാനമായ ഫോര്‍ട് വില്യംസില്‍ നിന്ന് പാസ്‌പോര്‍ട്ട് ഓഫിസിലേക്ക് പോകുകയായിരുന്നു ട്രക്ക്. അനുമതിയുള്ള സ്ഥലത്താണ് വലത്തേക്ക് തിരിക്കാന്‍ ശ്രമിച്ചതെന്നും കമ്മിഷണറുടെ വാഹനം പിന്നിലുള്ളത് അറിഞ്ഞില്ലെന്നും ട്രക്കിലെ ജവാന്‍ പറഞ്ഞു. സംഭവം മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊല്‍ക്കത്ത നഗരഹൃദയത്തിലെ കരസേനയുടെ നിയന്ത്രണത്തിലുള്ള മൈതാന്‍ ഏരിയയിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സമരപ്പന്തല്‍ തിങ്കളാഴ്ചയാണ് സൈന്യം പൊളിച്ചത്. കരസേനയുടെ കിഴക്കന്‍ മേഖലാ ആസ്ഥാനമായ ഫോര്‍ട് വില്യംസ് ഇവിടെയാണ്. സൈന്യത്തിന്റെ അനുമതി വാങ്ങി രാഷ്ട്രീയപാര്‍ട്ടികള്‍ ഇവിടെ സമരങ്ങള്‍ നടത്താറുണ്ട്.

ബംഗാളി സംസാരിക്കുന്നവര്‍ക്കെതിരെ രാജ്യത്തിന്റെ പലഭാഗത്തും നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാനാണ് മൈതാനിലെ ഗാന്ധിപ്രതിമക്കു സമീപം തൃണമൂല്‍ സമരപ്പന്തല്‍ കെട്ടിയത്. രണ്ടു ദിവസത്തെ അനുമതിയാണ് നല്‍കിയതെങ്കിലും ഒരു മാസമായി പന്തല്‍ അവിടെയുണ്ടെന്നും പലവട്ടം ആവശ്യപ്പെട്ടിട്ടും പന്തല്‍ പൊളിച്ചുനീക്കിയില്ലെന്നും അതിനാലാണ് ഇടപെടലുണ്ടായതെന്നും പ്രതിരോധ മന്ത്രാലയം പറഞ്ഞു.

സംഭവസ്ഥലത്ത് എത്തിയ മുഖ്യമന്ത്രി മമത ബാനര്‍ജി ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ചു. സൈന്യത്തെ ബിജെപി ഉപയോഗിക്കുകയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. ഇ.ഡിക്കും സിബിഐക്കും പുറമേ ഇപ്പോള്‍ സൈന്യത്തെയും ബിജെപി ഉപയോഗിക്കുകയാണെന്ന് തൃണമൂല്‍ നേതാക്കളും പ്രതികരിച്ചു.

mamta banerjee