രാഹുൽ ഗാന്ധി മമത
ന്യൂഡൽഹി: സ്പീക്കർ സ്ഥാനാർഥിത്വത്തെച്ചൊല്ലി ഇന്ത്യ സഖ്യത്തിൽ അതൃപ്തി. സ്ഥാനാർഥിത്വത്തിൽ കൂടിയാലോചന നടത്തിയില്ലെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസും എൻ.സി.പിയും രംഗത്തെത്തിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി കൊടിക്കുന്നില്‍ സുരേഷിനെ നാമനിർദേശം ചെയ്തത് കോൺഗ്രസിന്റെ ഏകപക്ഷീയമായ തീരുമാനമാണെന്നാണ് വിമർശനം.
തൃണമൂലുമായി വിഷയം ചർച്ച ചെയ്തിട്ടില്ലെന്ന് പാർട്ടിയുടെ നേതാവ് സുദീപ് ബന്ദോപാധ്യായ അറിയിച്ചു. ഇക്കാര്യം കോൺഗ്രസ് വിശദീകരിക്കണം. കൊടിക്കുന്നിലിനെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് പാർട്ടിയുമായി ചർച്ച നടത്തി തീരുമാനിക്കുമെന്നും എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
എന്‍ഡിഎ സ്ഥാനാര്‍ഥിയായി ഓം ബിര്‍ളയും ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി കൊടിക്കുന്നില്‍ സുരേഷും തമ്മിലാണ് ലോക്സഭാ സ്പീക്കര്‍ പദവിയിലേക്ക് മത്സരം. മുഖ്യ പ്രതിപക്ഷകക്ഷിക്ക് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനമെന്നതാണ് ലോക്സഭയില്‍ കീഴ്വഴക്കമെങ്കിലും കഴിഞ്ഞ രണ്ടുതവണയും ഇത് നിഷേധിച്ചിരുന്നു. ഇത്തവണ പ്രതിപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റെയും അംഗബലം ഉയര്‍ന്നതോടെ ഡെപ്യൂട്ടി സ്പീക്കര്‍ പദവി വേണമെന്ന് ഇന്ത്യ സഖ്യം കടുത്ത നിലപാടെടുത്തിരുന്നു.