ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പകര തീരുവ പ്രഖ്യാപനം അമേരിക്കന്‍ വിപണിക്ക് ബൂമറാംഗാകുന്നു. ട്രംപിന്റെ തീരുവ യുദ്ധ പ്രഖ്യാപനത്തെ തുടര്‍ന്ന് അമേരിക്കന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്.
ഡൗ ജോണ്‍സ് സൂചിക 1200 പോയിന്റ് താഴേക്കാണ് പതിച്ചത്. നാസ്ഡാക്. എസ് ആന്‍ഡ് പി 500 സൂചികകള്‍ക്ക് നാലര ശതമാനത്തിന്റെ ഇടിവും രേഖപ്പെടുത്തി. ആപ്പിളിന്റെ വിപണി മൂല്യത്തിലും വന്‍ ഇടിവ് രേഖപ്പെടുത്തി. 250 ബില്ല്യണ്‍ ഡോളറാണ് ആപ്പിള്‍ മൂല്യത്തിലുണ്ടായ ഇടിവ്. അഞ്ചു വര്‍ഷത്തെ ഏറ്റവും വലിയ പതനമാണ് ഇത്.
അതേസമയം പകരച്ചുങ്കത്തില്‍ ഇന്ത്യക്ക് ഇളവുകിട്ടും എന്ന പ്രതീക്ഷയില്‍ ഇന്ത്യന്‍ വിപണി ഇന്നലെ ചെറിയ നഷ്ടത്തിലാണ് അവസാനിച്ചത്. ഇന്നും വിപണി നഷ്ടത്തിലാകും എന്നാണു സൂചന. സര്‍ക്കാര്‍ ഔപചാരികമായ എന്തെങ്കിലും ആശ്വാസം പ്രഖ്യാപിക്കും വരെ ഇടിവ് തുടരാം. അമേരിക്കവുമായുളള വ്യാപാര ഉടമ്പടി ചര്‍ച്ച വേഗത്തിലാക്കിയിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കകം എന്തെങ്കിലും ശുഭവാര്‍ത്ത ഉണ്ടാകാം. എന്നാല്‍ അമേരിക്ക മാന്ദ്യത്തിലേക്കു നീങ്ങിയാല്‍ ആശ്വാസപ്രഖ്യാപനങ്ങള്‍ കഥയില്ലാത്തതാകും.
ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 23,226 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,205 ലാണ്. ഇന്ത്യന്‍ വിപണി ഇന്നും നഷ്ടത്തില്‍ വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
വിദേശ വിപണി
യൂറോപ്യന്‍ വിപണികള്‍ വ്യാഴാഴ്ച മൂന്നു ശതമാനത്തിലധികം നഷ്ടത്തില്‍ ക്ലോസ് ചെയ്തു. തീരുവ വര്‍ധന വില്‍പനയെ ബാധിക്കും എന്ന ഭീതി പ്രമുഖ മദ്യ ബ്രാന്‍ഡുകളയും താഴ്ത്തി.
കോവിഡിനു ശേഷമുള്ള ഏറ്റവും വലിയ ഇടിവിലാണു യുഎസ് വിപണി ഇന്നലെ അവസാനിച്ചത്. എസ് ആന്‍ഡ് പി 500 ലെ 400 ലധികം ഓഹരികള്‍ ഇന്നലെ താഴ്ന്നു ക്ലോസ് ചെയ്തു. ഫെബ്രുവരിയിലെ റെക്കോര്‍ഡ് നിലയില്‍ നിന്നു 12 ശതമാനം താഴെയാണ് എസ് ആന്‍ഡ് പി ഇപ്പോള്‍. വിദേശത്ത് ഫാക്ടറികള്‍ ഉള്ള നൈക് 14 ഉം ആപ്പിള്‍ ഒന്‍പതും ശതമാനം ഇടിഞ്ഞു. എന്‍വിഡിയ എട്ടും ഇലോണ്‍ മസ്‌കിന്റെ ടെസ്ല അഞ്ചും ശതമാനം താഴ്ചയിലായി.
ട്രംപ് ബുധനാഴ്ച പ്രഖ്യാപിച്ച തീരുവകള്‍ കുറയ്ക്കുന്നില്ലെങ്കില്‍ സാമ്പത്തികമാന്ദ്യം ഉറപ്പാണെന്നു ജെപി മോര്‍ഗനിലെ സാമ്പത്തിക വിശകലനക്കാര്‍ വിലയിരുത്തി. എന്നാല്‍ വിപണികള്‍ ഉയരുമെന്നും രാജ്യം കുതിക്കുമെന്നും മറ്റു രാജ്യങ്ങള്‍ അമേരിക്കയുമായി ഡീലിനു ശ്രമിക്കുമെന്നും ട്രംപ് ഇന്നലെ പറഞ്ഞു.
വ്യാഴാഴ്ച ഡൗ ജോണ്‍സ് സൂചിക 1679.39 പോയിന്റ് (3.98%) തകര്‍ന്നു 40,545.93 ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 274.45 പോയിന്റ് (4.84%) ഇടിഞ്ഞ് 5396.52 ല്‍ അവസാനിച്ചു. നാസ്ഡാക് 1050.44 പോയിന്റ് (5.97%) നഷ്ടത്തോടെ 16,550.61 ല്‍ എത്തി.
യുഎസ് ഫ്യൂച്ചേഴ്‌സ് ഇന്നും താഴ്ചയിലാണ്. ഡൗ 0.25 ഉം എസ് ആന്‍ഡ് പി 0.17 ഉം ശതമാനം താഴ്ന്നു നില്‍ക്കുന്നു. നാസ്ഡാക് 0.07 ശതമാനം ഉയര്‍ന്നു.
ഏഷ്യന്‍ വിപണികള്‍ ഇന്നും തകര്‍ച്ചയിലാണ്. ജപ്പാനില്‍ നിക്കൈ തുടക്കത്തില്‍ രണ്ടു ശതമാനവും കൊറിയയില്‍ കോസ്പി സൂചിക ഒന്നര ശതമാനവും താഴ്ചയിലാണ്.
തകരാതെ ഇന്ത്യന്‍ വിപണി
ട്രംപ് ഇന്ത്യക്കുളള പകരച്ചുങ്കം കുറയ്ക്കാന്‍ തയാറാകും എന്ന വിശ്വാസമാണ് ഇന്നലെ ഇന്ത്യന്‍ വിപണിയെ വലിയ തകര്‍ച്ചയില്‍ നിന്നു മാറ്റി നിര്‍ത്തിയത്. അമേരിക്കയുമായി നടക്കുന്ന വ്യാപാര ഉടമ്പടി ചര്‍ച്ചയില്‍ ആഴ്ചകള്‍ക്കകം ധാരണ ഉണ്ടാകും എന്നാണ് സര്‍ക്കാര്‍ നല്‍കുന്ന സൂചന. പകരച്ചുങ്കം ഒഴിവാക്കി എല്ലാവര്‍ക്കും ഉള്ള 10 ശതമാനത്തിലേക്ക് തീരുവ നിലവാരം മാറിയാല്‍ ഇന്ത്യയുടെ കയറ്റുമതികള്‍ സുഗമമായി നടക്കും. ഇന്ത്യയുടെ വ്യാപാര എതിരാളികള്‍ക്കു കൂടുതല്‍ ചുങ്കം നിലനിന്നു എന്നും വരാം. പക്ഷേ ഇന്ത്യ ഈടാക്കുന്ന ഇറക്കുമതിച്ചുങ്കം ഗണ്യമായി കുറയ്ക്കുകയും ഇറക്കുമതി നിയന്ത്രണങ്ങള്‍ പലതും മാറ്റുകയും ചെയ്യേണ്ടിവരും.
വ്യാഴാഴ്ച നിഫ്റ്റി 82.25 പോയിന്റ് (0.35%) താഴ്ന്ന് 23,250.10 ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 322.08 പോയിന്റ് (0.42%) കുറഞ്ഞ് 76,295.36 ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 249.30 പോയിന്റ് (0.49%) കയറി 51,597.35 ല്‍ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 0.21 ശതമാനം നേട്ടത്തോടെ 52,162.15 ല്‍ എത്തി. സ്‌മോള്‍ ക്യാപ് സൂചിക 0.58 ശതമാനം ഉയര്‍ന്ന് 16,255.45 ല്‍ ക്ലോസ് ചെയ്തു.
വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം മൂന്നാം ദിവസവും കയറ്റത്തിന് അനുകൂലമായി തുടര്‍ന്നു. ബിഎസ്ഇയില്‍ 2788 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 1212 ഓഹരികള്‍ ഇടിഞ്ഞു. എന്‍എസ്ഇയില്‍ ഉയര്‍ന്നത് 2057 എണ്ണം. താഴ്ന്നത് 829 മാത്രം.
എന്‍എസ്ഇയില്‍ 37 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയില്‍ എത്തിയപ്പോള്‍ താഴ്ന്ന വിലയില്‍ എത്തിയതു 24 എണ്ണമാണ്. 287 ഓഹരികള്‍ അപ്പര്‍ സര്‍കീട്ടില്‍ എത്തിയപ്പോള്‍ 25 എണ്ണം മാത്രമാണ് ലോവര്‍ സര്‍ക്കീട്ടില്‍ എത്തിയത്.
വലിയ അനിശ്ചിതത്വം മാറിയതോടെ സ്വര്‍ണത്തില്‍ ലാഭമെടുപ്പ് തകൃതിയായി. ഇനി തല്‍ക്കാലം കാര്യമായ കയറ്റം ഉണ്ടാകില്ലെന്നാണു വിപണിയുടെ വിലയിരുത്തല്‍. ഓഹരികളുടെയും ഡോളറിന്റെയും തകര്‍ച്ച തുടരുകയോ സാമ്പത്തിക മാന്ദ്യം ഉണ്ടാകുകയോ ഒക്കെ ചെയ്താല്‍ കാര്യങ്ങള്‍ വ്യത്യസ്തമാകാം. അല്ലെങ്കില്‍ സ്വര്‍ണവിപണി കുറേ ആഴ്ചകളിലെ മലകയറ്റത്തിനു ശേഷം വിശ്രമം അഥവാ സമാഹരണ ഘട്ടത്തിലേക്കു കടക്കാം.
വെള്ളിവില ഔണ്‍സിന് 31.98 ഡോളറിലേക്ക് ഇടിഞ്ഞു. ഇടിവ് തുടരാം എന്നാണു സൂചന.
ഡോളര്‍ സൂചിക വ്യാഴാഴ്ച രണ്ടു ശതമാനത്തിലധികം ഇടിഞ്ഞ് 102.07 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 101.87 ആയി. ട്രംപ് പ്രസിഡന്റ് ആയ ശേഷം സൂചികയില്‍ ഉണ്ടായ കയറ്റമത്രയും പോയി. ഡോളര്‍ നിരക്ക് താഴുന്നതില്‍ ട്രംപിന് എതിര്‍പ്പില്ല. സൂചിക താണാല്‍ യുഎസ് കയറ്റുമതി കൂടും എന്ന നിഗമനമാണു കാരണം.
യുഎസ് കടപ്പത്രവില വ്യാഴാഴ്ചയും ഉയര്‍ന്നു. അവയിലെ നിക്ഷേപനേട്ടം കുറഞ്ഞു.10 വര്‍ഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.028 ശതമാനത്തില്‍ എത്തി. അമേരിക്കയില്‍ മാന്ദ്യത്തിനുള്ള സാധ്യതയാണ് കടപ്പത്ര വിപണി കാണുന്നത്.
ക്രൂഡ് ഓയില്‍ വില വ്യാഴാഴ്ച ഏഴു ശതമാനത്തോളം ഇടിഞ്ഞു. ക്രൂഡ് ഓയില്‍ ഉല്‍പാദന ഉല്‍പാദനം കൂട്ടാന്‍ പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക്) യും റഷ്യ ഉള്‍പ്പെടുന്ന ഒപെക് പ്ലസും ഇന്നലെ തീരുമാനിച്ചതാണു കാരണം. പ്രതിദിന ഉല്‍പാദം 4.11 ലക്ഷം വീപ്പ കണ്ട് കൂട്ടാനാണ് തീരുമാനം. പ്രതിദിനം 1.4 ലക്ഷം വീപ്പയാകും വര്‍ധിപ്പിക്കുക എന്ന പ്രതീക്ഷ പാളി. മേയില്‍ വര്‍ധന നടപ്പാക്കും. സൗദി അറേബ്യ, റഷ്യ, ഇറാഖ്, യുഎഇ, കുവൈറ്റ്, കസാഖ്സ്ഥാന്‍, അള്‍ജീറിയ, ഒമാന്‍ എന്നീ രാജ്യങ്ങളാണ് ഉല്‍പാദനം കൂട്ടുന്നത്.
ബ്രെന്റ് ഇനം ക്രൂഡ് ഇന്നലെ 70 ഡോളറിനു താഴെ എത്തിയ ശേഷം 70.14 ഡോളറിലേക്കു കയറി ക്ലോസ് ചെയ്തു. ഇന്നു രാവിലെ 69.87 ഡോളറിലേക്ക് താഴ്ന്നു. ഡബ്ല്യുടിഐ ഇനം 66.67 ഉം യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 72.07 ഉം ഡോളറിലേക്കു നീങ്ങി.
ക്രിപ്‌റ്റോകള്‍ ഇടിഞ്ഞു
ട്രംപിന്റെ പ്രഖ്യാപനങ്ങള്‍ ക്രിപ്‌റ്റോ കറന്‍സികളെ ചാഞ്ചാട്ടത്തിലാക്കി. ബിറ്റ്‌കോയിന്‍ 81,000 - 85,000 ഡോളര്‍ മേഖലയില്‍ കയറിയിറങ്ങി. ഇന്നുരാവിലെ 83,000 നു മുകളിലാണ്. ഈഥര്‍ 1900 നു മുകളില്‍ കയറിയ ശേഷം 1810 ഡോളറിനു സമീപം ആയി.