/kalakaumudi/media/media_files/2025/07/28/nun-mal-2025-07-28-10-09-08.jpg)
ഛത്തീസ്ഗഡ്: മനുഷ്യക്കടത്ത് ആരോപിച്ച് ദുര്‍ഗില്‍ അറസ്റ്റു ചെയ്ത 2 മലയാളി കന്യാസ്ത്രീകള്‍ക്കെതിരെ പൊലീസ് ചുമത്തിയത് ഗുരുതര വകുപ്പുകള്‍. മതപരിവര്‍ത്തനത്തിനും മനുഷ്യക്കടത്തിനും എതിരെയുള്ള വകുപ്പുകളാണ് ചുമത്തിയതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. മതപരിവര്‍ത്തനത്തിന് എതിരെ ആദ്യത്തെ എഫ്‌ഐആറില്‍ ഉണ്ടായിരുന്ന വകുപ്പ് പിന്നീട് ഒഴിവാക്കിയതായി സൂചനയുണ്ട്. ഇതു സംബന്ധിച്ച് പൊലീസിന്റെ വിശദീകരണം ലഭ്യമായിട്ടില്ല.
അങ്കമാലി എളവൂര്‍ ഇടവകാംഗമായ സിസ്റ്റര്‍ പ്രീതി മേരി ഒന്നാം പ്രതിയും കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് രണ്ടാം പ്രതിയുമാണ്. സുഖ്മാന്‍ മണ്ഡാവി എന്നയാളാണ് മൂന്നാം പ്രതി. ബസ്തര്‍ മേഖലയിലെ നാരായണ്‍പുരില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളെ ഒരു യുവാവ് ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച് രണ്ട് കന്യാസ്ത്രീകള്‍ക്കു കൈമാറിയെന്നാണ് പരാതിയെന്ന് എഫ്‌ഐആറില്‍ പറയുന്നു. സഭയുടെ കീഴിലുള്ള ആശുപത്രിയിലേക്കും ഓഫിസിലേക്കും ജോലിക്കായി 3 പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകാനാണ് കന്യാസ്ത്രീകള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. പെണ്‍കുട്ടികളുടെ വീട്ടുകാരും ഒപ്പമുണ്ടായിരുന്നു. ഇതിനിടെ റെയില്‍വേ ഉദ്യോഗസ്ഥരില്‍ ചിലര്‍ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരെ വിളിച്ചു വരുത്തുകയായിരുന്നു. പിന്നീട് പൊലീസെത്തി അറസ്റ്റ് ചെയ്തു.
അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പെണ്‍കുട്ടികള്‍ നിലവില്‍ സര്‍ക്കാര്‍ സംരക്ഷണയിലാണുള്ളത്. മതപരിവര്‍ത്തനം നടന്നിട്ടില്ലെന്നും രക്ഷിതാക്കളുടെ സമ്മതത്തോടെയാണു പെണ്‍കുട്ടികള്‍ യാത്ര ചെയ്തതെന്നും അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹം അറിയിച്ചു. ഭരണഘടനയ്‌ക്കെതിരെയും രാജ്യത്തിനെതിരെയും പ്രവര്‍ത്തിക്കുന്ന ശക്തികളാണ് ആരോപണത്തിനും കേസിനും പിന്നിലെന്നു സിബിസിഐ വക്താവ് ഫാ. റോബിന്‍സണ്‍ റോഡ്രിഗസ് ആരോപിച്ചു.
അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ ഭയന്നാണു ജീവിക്കുന്നതെന്നു കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ഛത്തീസ്ഗഡില്‍ 2 മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായതു പോലുള്ള സംഭവങ്ങള്‍ മൂലമാണ് ഇതെന്നും നേരത്തേ ജബല്‍പ്പൂരില്‍ പുരോഹിതര്‍ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യം ഹനിക്കപ്പെടാന്‍ പാടില്ലെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടു പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ഓഫിസുകളില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കന്യാസ്ത്രീമാരുടെ അറസ്റ്റ് വേദനാജനകമെന്നു സിബിസിഐ പ്രസിഡന്റ് പറഞ്ഞു. ഭരണഘടന നല്‍കുന്ന മതസ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന രീതിയിലാണു പെരുമാറ്റമുണ്ടായത്. ആഗ്രയില്‍ നടത്തുന്ന ആശുപത്രിയിലേക്കു ജോലിക്കാരെ നോക്കിയിരുന്നു. അങ്ങനെയാണു മുതിര്‍ന്ന 3 പെണ്‍കുട്ടികളെ കൊണ്ടുവരാന്‍ കന്യാസ്ത്രീകള്‍ പോയത്. എന്നാല്‍ കന്യാസ്ത്രീമാരെ ആ വേഷത്തില്‍ കണ്ടപ്പോള്‍ ആരോ റെയില്‍വേ സ്റ്റേഷനില്‍ നിന്നു ബജ്‌റങ്ദള്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. മനുഷ്യക്കടത്താണ് ആദ്യം എഫ്‌ഐആറില്‍ ഉണ്ടായിരുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലും കുറ്റം ചുമത്തിയിട്ടുണ്ട് എന്നാണ് ഇപ്പോള്‍ അറിയുന്നത്. ഇതു ജാമ്യം ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കും. കുഷ്ഠരോഗികളെ ശുശ്രൂഷിക്കാനടക്കം മുന്നിലുണ്ടായിരുന്നവരാണു സന്യാസിനി സമൂഹമെന്നും അദ്ദേഹം പറഞ്ഞു.
ആരു ഭരിച്ചാലും മതസ്വാതന്ത്ര്യം ഹനിക്കപ്പെടാന്‍ പാടില്ല. തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകളെ നിയന്ത്രിക്കണം. പാര്‍ലമെന്റില്‍ വിഷയം ഉന്നയിച്ച എംപിമാരോട് നന്ദി പറയുന്നു. ക്രൈസ്തവര്‍ക്കും ഭാരതത്തില്‍ സ്വാതന്ത്ര്യത്തോടെ കഴിയണം. അറസ്റ്റിലായ കന്യാസ്ത്രീമാരെ എത്രയും വേഗം മോചിപ്പിക്കുകയും ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള സാഹചര്യമുണ്ടാക്കുകയും വേണം. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കാരണം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ ഭയത്തിലാണു കഴിയുന്നതെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.