/kalakaumudi/media/media_files/2026/03/07/vessal-2026-03-07-17-55-42.jpg)
കൊച്ചി: കൊച്ചിയില്‍ നങ്കൂരമിട്ട ഇറാന്‍ പടക്കപ്പലിന്റെ അടുത്തെത്തി ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍. റിപ്പബ്ലിക് ടി.വി റിപ്പോര്‍ട്ടര്‍ ശങ്കര്‍, കാമറാമാന്‍ മണി എന്നിവരാണ് അറസ്റ്റിലായത്.
ഇവര്‍ സഞ്ചരിച്ച ബോട്ട് ഡ്രൈവര്‍ രാധാകൃഷ്ണനെയും അറസ്റ്റ് ചെയ്തു. ദൃശ്യങ്ങള്‍ പകര്‍ത്താനായി വാടക്കെടുത്ത ബോട്ടില്‍ കപ്പലിന്റെ അടുത്തേക്ക് പോകവെ, സി.ഐ.എസ്.എഫ് എത്തി സംഘത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മട്ടാഞ്ചേരി വാര്‍ഫിന് സമീപം ഡോക്ക് ചെയ്തിരിക്കുന്ന ഇറാന്റെ പടക്കപ്പലായ ഐ.ആര്‍.ഐ.എസ് ലാവന്റെ ദൃശ്യം പകര്‍ത്താനാണ് മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചത്. നിരോധിത മേഖലയില്‍ പ്രവേശിച്ച് ദൃശ്യം പകര്‍ത്തുന്നത് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ പിന്നീട് ഹാര്‍ബര്‍ പൊലീസിന് കൈമാറി. മാധ്യമപ്രവര്‍ത്തകരുടെ കാമറയും കസ്റ്റഡിയിലെടുത്തു. കേരള തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളുടെ ഫോട്ടോയോ, വിഡിയോയോ പകര്‍ത്തിയാല്‍ കേസെടുക്കുമെന്ന് കൊച്ചി പൊലീസ് മുന്നറിയിപ്പ് നല്‍കി. ദേശീയ സുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാല്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
മറൈന്‍ഡ്രൈവില്‍നിന്ന് ബോട്ട് വാടകക്കെടുത്താണ് മാധ്യമപ്രവര്‍ത്തകര്‍ കപ്പലിന്റെ ദൃശ്യം പകര്‍ത്താനെത്തിയതെന്ന് പൊലീസ് പറഞ്ഞു. നിരോധിതമേഖലയില്‍ പ്രവേശിച്ചതിന് അറസ്റ്റിലായ മൂന്നുപേരെയും കോടതിയില്‍ ഹാജരാക്കും.
പശ്ചിമേഷ്യ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് ഇറാന്‍ നാവിക സേനയുടെ യുദ്ധക്കപ്പല്‍ കൊച്ചിയില്‍ എത്തിയത്. സങ്കേതിക തകരാര്‍ ഉണ്ടായതിനെ തുടര്‍ന്നാണ് കപ്പല്‍ കൊച്ചിയില്‍ അടുപ്പിച്ചതെന്ന് പ്രതിരോധ വകുപ്പ് വ്യക്തമാക്കി. കപ്പലില്‍ 183 നാവികരാണുള്ളത്. ഇവരെ കൊച്ചിയിലെ നാവിക സേനയുടെ ആസ്ഥാനത്ത് പാര്‍പ്പിച്ചിരിക്കുകയാണ്.
ഇന്ത്യയുമായുള്ള നാവിക സഹകരണത്തിന്റെ ഭാഗമായുള്ള അഭ്യാസങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങിയ ഐ.ആര്‍.ഐ.എസ് ദേന എന്ന യുദ്ധക്കപ്പല്‍ ശ്രീലങ്കന്‍ തീരത്ത് യു.എസ് ആക്രമണത്തില്‍ തകര്‍ന്നിരുന്നു. ഇതിനുശേഷം മറ്റൊരു ഇറാനിയന്‍ യുദ്ധക്കപ്പല്‍ ഐ.ആര്‍.ഐ.എസ് ബുഷ്ഹര്‍ കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ തീരത്ത് അടുത്തിരുന്നു. ഈ കപ്പലുകള്‍ക്കൊപ്പം ഉണ്ടായിരുന്ന മൂന്നാമത്തെ കപ്പല്‍ എവിടെ എന്നതിനെ ചൊല്ലി ആശയക്കുഴപ്പം നിലനിന്നിരുന്നു. ഫെബ്രുവരി 28നാണ് ഇറാന്‍ കപ്പല്‍ അടുപ്പിക്കാന്‍ അനുമതി തേടിയത്. മാര്‍ച്ച് ഒന്നിന് കേന്ദ്രം അനുമതി നല്‍കി. മാര്‍ച്ച് നാലിന് കപ്പല്‍ കൊച്ചിയിലെ നാവിക തുറമുഖത്ത് എത്തി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
