/kalakaumudi/media/media_files/2026/01/20/emirates-2026-01-20-11-12-40.jpg)
ന്യൂഡൽഹി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാൻ ഇന്ത്യയിൽ. ന്യൂഡൽഹി പാലം വ്യോമതാവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്റിനെ സ്വീകരിച്ചു. മണിക്കൂറുകൾ മാത്രം നീളുന്ന ഹ്രസ്വ സന്ദർശനത്തിനായാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാൻ ന്യൂഡൽഹിയിൽ എത്തിയത്.'എന്റെ സഹോദരൻ' എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ വിശേഷിപ്പിച്ചത്.
വിമാനത്താവളത്തിൽ എത്തി സ്വീകരിക്കുന്ന ഫോട്ടോയുൾപ്പെടെ മോദി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചു. യുഎഇ പ്രസിഡന്റിന്റെ സന്ദർശനം ഇന്ത്യ-യുഎഇ സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്. ചർച്ചകൾക്കായി കാത്തിരിക്കുന്നു എന്നും പ്രധാനമന്ത്രി പോസ്റ്റിൽ അറിയിച്ചു. ആലിംഗനം ചെയ്തുകൊണ്ടായിരുന്നു മോദി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ സ്വാഗതം ചെയ്തത്.
ഇരു നേതാക്കളും ഒരു കാറിൽ ആണ് വിമാനത്താവളത്തിൽ നിന്ന് കുടിക്കാഴ്ച നടക്കുന്ന വേദിയിലേക്ക് എത്തിയത്.പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഏറെ പ്രാധാന്യത്തോടെയാണ് യുഎഇ പ്രസിഡന്റിന്റെ സന്ദർശനം നോക്കിക്കാണുന്നത്.
പ്രസിഡന്റായതിനുശേഷം മൂന്നാം തവണയാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യിദ് ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നത്.ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം, ഷെയ്ഖ് ഹാമിദ് ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സയ്യിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോർട്ട് ഫോർ സ്‌പെഷൽ അഫയേഴ്സിന്റെ ഡെപ്യൂട്ടി ചെയർമാൻ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാൻ, യു.എ.ഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ, നിരവധി മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന പ്രതിനിധി സംഘവും സന്ദർശനത്തിൽ പ്രസിഡന്റിനെ അനുഗമിക്കുന്നുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
