പ്രതിരോധം, ഊര്‍ജം, വ്യാപാരം; യുഎഇയുമായി തന്ത്രപ്രധാന കരാറുകളില്‍ ഒപ്പിട്ട് ഇന്ത്യ

ഇന്ത്യയും യുഎഇയും തമ്മില്‍ ഒരു തന്ത്രപ്രധാന പ്രതിരോധ പങ്കാളിത്ത ചട്ടക്കൂട് രൂപീകരിക്കാന്‍ തീരുമാനിച്ചു. പ്രതിരോധ വ്യവസായ സഹകരണം, സൈനിക പരിശീലനം, സൈബര്‍ സുരക്ഷ എന്നിവ ഇതില്‍ ഉള്‍പ്പെടും

author-image
Biju
New Update
uae 3

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ മേഖലയിലെ മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടയില്‍ ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യ സന്ദര്‍ശിക്കുന്ന യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതിരോധം, ഊര്‍ജം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ നിര്‍ണായകമായ അഞ്ച് കരാറുകളിലും ഏഴ് ധാരണകളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.

ഇന്ത്യയും യുഎഇയും തമ്മില്‍ ഒരു തന്ത്രപ്രധാന പ്രതിരോധ പങ്കാളിത്ത ചട്ടക്കൂട് രൂപീകരിക്കാന്‍ തീരുമാനിച്ചു. പ്രതിരോധ വ്യവസായ സഹകരണം, സൈനിക പരിശീലനം, സൈബര്‍ സുരക്ഷ എന്നിവ ഇതില്‍ ഉള്‍പ്പെടും. ഊര്‍ജ സുരക്ഷയുടെ ഭാഗമായി യുഎഇയുടെ അഡ്‌നോക് ഗ്യാസ്, ഇന്ത്യയുടെ ഹിന്ദുസ്ഥാന്‍ പെട്രോളിയവുമായി 10 വര്‍ഷത്തെ ദീര്‍ഘകാല കരാറില്‍ ഒപ്പുവെച്ചു. 2028 മുതല്‍ പ്രതിവര്‍ഷം 0.5 ദശലക്ഷം മെട്രിക് ടണ്‍ എല്‍എന്‍ജി ഇന്ത്യക്ക് ലഭിക്കും.

നിലവില്‍ 100 ബില്യണ്‍ ഡോളറിലുള്ള ഉഭയകക്ഷി വ്യാപാരം 2032-ഓടെ 200 ബില്യണ്‍ ഡോളറായി (ഏകദേശം 16 ലക്ഷം കോടി രൂപ) ഉയര്‍ത്താന്‍ ഇരു നേതാക്കളും ലക്ഷ്യമിടുന്നു. ഇന്ത്യ പുതുതായി പാസാക്കിയ ശാന്തി നിയമത്തിന്റെ പശ്ചാത്തലത്തില്‍, ചെറുകിട ന്യൂക്ലിയര്‍ റിയാക്ടറുകളുടെ വികസനം ഉള്‍പ്പെടെയുള്ള സിവില്‍ ആണവ സഹകരണത്തിന് ഇരുരാജ്യങ്ങളും സന്നദ്ധത പ്രകടിപ്പിച്ചു. ഇന്ത്യയുടെ സംസ്‌കാരവും പൈതൃകവും ഉയര്‍ത്തിക്കാട്ടുന്നതിനായി അബുദാബിയില്‍ 'ഹൗസ് ഓഫ് ഇന്ത്യ' സ്ഥാപിക്കാനും ധാരണയായി.

തിങ്കളാഴ്ച വൈകുന്നേരം ഡല്‍ഹി വിമാനത്താവളത്തില്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് നേരിട്ടെത്തിയാണ് പ്രധാനമന്ത്രി മോദി യുഎഇ പ്രസിഡന്റിനെ സ്വീകരിച്ചത്. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ വസതിയായ 7 ലോക് കല്യാണ്‍ മാര്‍ഗില്‍ വെച്ച് മൂന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ നടന്നു. യുഎഇ പ്രസിഡന്റിന് ഗുജറാത്തില്‍ നിന്നുള്ള മനോഹരമായ തടിയില്‍ തീര്‍ത്ത ഊഞ്ഞാലും കശ്മീരി പഷ്മിന ഷാളും മോദി സമ്മാനമായി നല്‍കി.