/kalakaumudi/media/media_files/MHb9bznLBn17TignBnLX.jpeg)
ഉദയ്പുര്‍ : രാജസ്ഥാനിലെ ഉദയ്പുരിനടുത്തുള്ള മധുബനില്‍ പത്താംക്ലാസുകാരന്‍ സഹപാഠിയെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തിന് പിന്നാലെ ബുള്‍ഡോസര്‍ പ്രയോഗവുമായി ഉദയ്പുര്‍ ജില്ലാ ഭരണകൂടം. സഹപാഠിയെ കുത്തിയ കുട്ടിയുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തതായി പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു. കടുത്ത പോലീസ് കാവലിലായിരുന്നു വീട് ഇടിച്ചു തകര്‍ത്തത്.
പത്താം ക്ലാസുകാരന് കുത്തേറ്റതിന് പിന്നാലെ പ്രദേശത്ത് സംഘര്‍ഷം രൂപപ്പെട്ടിരുന്നു. കുട്ടി മരിച്ചുവെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചതോടെയാണ് വിവിധയിടങ്ങളില്‍ അക്രമ സംഭവങ്ങളും തീവെപ്പുമുണ്ടായത്. ഇതിന്റെ പശ്ചാത്തലത്തില്‍ അധികൃതര്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിരുന്നു. പ്രദേശത്തെ കടകമ്പോളങ്ങള്‍ അടയ്ക്കുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കുത്തേറ്റ വിദ്യാര്‍ഥി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്.
ഉദയ്പുരിലെ എല്ലാ സ്‌കൂളുകളും അടച്ചതായി കളക്ടര്‍ അറിയിച്ചു. ഇനി ഒരു ഉത്തരവ് ഉണ്ടാകും വരെ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കില്ലെന്നാണ് കളക്ടറുടെ അറിയിപ്പ്. കുട്ടിയുടെ വിദഗ്ധ ചികിത്സയ്ക്കായി മൂന്നംഗ സംഘത്തെ ആശുപത്രിയിലേക്ക് കളക്ടര്‍ അയച്ചതായി പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നു.
അക്രമത്തിൽ നിരവധി വാഹനങ്ങള്‍ തീവെച്ച് നശിപ്പിക്കപ്പെട്ടു. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനാണ് അധികൃതര്‍ 144 പ്രഖ്യാപിച്ചിട്ടുള്ളത്. സഹപാഠിയെ കുത്തിയ വിദ്യാര്‍ഥിയും പിതാവും അറസ്റ്റിലായിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ ഒരുതരത്തിലുള്ള ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുതെന്നും പോലീസ് ജനങ്ങളോട് അഭ്യര്‍ഥിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
