/kalakaumudi/media/media_files/2025/11/21/ud-2-2025-11-21-20-23-52.jpg)
മുംബൈ: മഹാരാഷ്ട്രയില്‍ പ്രധാന രാഷ്ട്രീയ ശക്തിയായി മാറാന്‍ ഉദ്ധവ് താക്കറെയും രാജ് താക്കറെയും തയ്യാറെടുക്കുന്നതായി സൂചന. ശിവസേന (യു.ബി.ടി) നേതാവ് ഉദ്ദവ് താക്കറെ, കസിനും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന (എം.എന്‍.എസ്) തലവനുമായ രാജ് താക്കറെയുമായി സഖ്യമുണ്ടാക്കാനുള്ള ലക്ഷ്യത്തിലേക്ക് അടുത്തുവെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബി.എം.സി) തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഉദ്ദവ് താക്കറെയുടെ ഈ നീക്കം. ഇരുകക്ഷികളും ഒന്നിച്ചാല്‍ കോര്‍പ്പറേഷന്‍ ഭരണം പിടിക്കാനാകുമെന്നാണ് ഉദ്ധവ് താക്കറെ വിശ്വസിക്കുന്നത്. സഖ്യത്തിലേക്ക് കോണ്‍ഗ്രസിനെയും കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഉദ്ദവ് നടത്തുന്നുണ്ട്.
ശിവസേനയുടെ നേതൃത്വ വിഷയത്തില്‍ തെറ്റിയാണ് രാജ് താക്കറെ പാര്‍ട്ടി വിട്ട് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന എന്ന പാര്‍ട്ടി രൂപീകരിച്ചത്. 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും കഴിഞ്ഞ ജൂലൈയില്‍ ഒരേവേദിയില്‍ ഒരു രാഷ്ട്രീയ പരിപാടിയില്‍ ഒന്നിച്ചിരുന്നത്. 'ഞങ്ങള്‍ ഒരുമിച്ചിരിക്കുന്നു, ഒരുമിച്ച് തുടരും' എന്ന് അന്ന് ഉദ്ധവ് താക്കറെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എങ്കിലും മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സഖ്യത്തില്‍ എംഎന്‍എസിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.
ശിവസേന (യുബിടി), കോണ്‍ഗ്രസ്, എന്‍സിപി ( ശരദ് പവാര്‍ ) എന്നിവരാണ് മഹാവികാസ് അഘാഡിയിലെ പ്രധാന കക്ഷികള്‍. ബിഎംസി തിരഞ്ഞെടുപ്പ് അടുത്തതോടെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതോടെ സഖ്യത്തില്‍ വിള്ളലുണ്ടായി എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് താക്കറെമാര്‍ ഒന്നിക്കുന്നത്. എംഎന്‍എസിനെ കൂടെക്കൂട്ടാനുള്ള ശ്രമങ്ങളോട് കോണ്‍ഗ്രസ് ഇപ്പോഴും മുഖംതിരിഞ്ഞു നില്‍ക്കുകയാണ്. മറാഠി ഭാഷയുടെ പേരില്‍ ഉണ്ടാകുന്ന അക്രമസംഭവങ്ങളുടെ പിന്നില്‍ എംഎന്‍എസിന്റെ പ്രവര്‍ത്തകരുമുള്‍പ്പെട്ടിട്ടുണ്ട്.
ഭാഷാ വിവാദത്തില്‍ ശക്തമായ നിലപാടാണ് രാജ്താക്കറെ കൈക്കൊണ്ടത്. രാജിനെ കൂടെക്കൂട്ടിയാല്‍ കോണ്‍ഗ്രസിന് പരമ്പരാഗതമായി വോട്ട് ചെയ്യുന്ന മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്ന് മുംബൈയില്‍ താമസമാക്കിയവരുടെ വോട്ട് നഷ്ടപ്പെടുമെന്നാണ് കോണ്‍ഗ്രസ് ഭയക്കുന്നത്. മാത്രമല്ല, രാജ് താക്കറെയും ബിജെപിയും തമ്മിലുണ്ടായിരുന്ന ബന്ധവും എംഎന്‍എസുമായി അകലം പാലിക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നു. അതിനാലാണ് ഒറ്റയ്ക്ക് മത്സരിക്കാമെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചത്.
എംഎന്‍എസുമായി ചേര്‍ന്ന് ബി.എം.സി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉദ്ധവ് താക്കറെ തീരുമാനിച്ചാല്‍ അത് മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ എന്ത് മാറ്റങ്ങള്‍ വരുത്തുമെന്നറിയാന്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്കും താത്പര്യങ്ങളുണ്ട്. ശിവസേനയെ പിളര്‍ത്തി ഏകനാഥ് ഷിന്‍ഡെ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന്റെ ഭാഗമായത് രാജ്യത്തെ തന്നെ ഞെട്ടിച്ച രാഷ്ട്രീയ നീക്കമായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
