ugc net question paper leak case
ഡൽഹി: യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൻറെ നിർണായക വിവരങ്ങൾ പുറത്ത്.ഡാർക്ക് വെബിൽ ആറ് ലക്ഷം രൂപയ്ക്ക് വരെയാണ് ചോദ്യപേപ്പറുകൾ വിൽപനയ്ക്ക് വെച്ചതെന്ന് സിബിഐ അന്വേഷണത്തിൽ കണ്ടെത്തി.പരീക്ഷ നടക്കുന്നതിന് 48 മണിക്കൂർ മുമ്പ് തന്നെ ചോദ്യപേപ്പർ ചോർന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തൽ.സംഭവത്തിൽ സിബിഐ അന്വേഷണത്തിൻറെ പ്രാഥിക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.
അന്വേഷണത്തിലെ പ്രാഥമിക വിവരങ്ങൾ അടങ്ങിയ സിബിഐ എഫ്ഐആറിലാണ് ​ഗുരുതര വീഴ്ചകൾ കണ്ടെത്തിയതായി വ്യക്തമാക്കിയിരിക്കുന്നത്.ഡാർക്ക് വെബിലും ടെലഗ്രാമിൽ അടക്കം നെറ്റ് ചോദ്യപേപ്പറുകളുടെ വിൽപന നടന്നുവെന്നും സിബിഐ എഫ്ഐആറിലുണ്ട്. സംഭവത്തിൽ ചില പരിശീലന കേന്ദ്രങ്ങൾ നിലവിൽ സിബിഐയുടെ നിരീക്ഷണത്തിലാണ്.നെറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് സിബിഐയുടെ അന്വേഷണത്തിലൂടെ പുറത്തുവരുന്നത്.പരീക്ഷാ ചോർച്ച അന്വേഷിക്കാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) യുമായി സഹകരിച്ചാണ് സിബിഐ പ്രവർത്തിക്കുന്നത്.വിവിധ സംസ്ഥാനങ്ങളിലെ കോച്ചിംഗ് സെൻ്ററുകളുടെ പങ്കും പരിശോധിച്ചുവരികയാണ്.പരീക്ഷയുടെ സമഗ്രതയിൽ വിട്ടുവീഴ്ച ചെയ്തിരിക്കാമെന്ന മന്ത്രാലയത്തിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ, വ്യാഴാഴ്ചയാണ് കേസിൽ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനാണ് യുജിസി-നെറ്റ് ചോദ്യ പേപ്പർ ചോർന്നതായി വാർത്താ സമ്മേളനത്തിൽ സ്ഥിരീകരിച്ചത്. സംഭവത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും, സിസ്റ്റം ശരിയാക്കേണ്ടതുണ്ടെന്നും പ്രതികരിച്ചിരുന്നു.പിന്നാലെ പരീക്ഷ റദ്ദാക്കിയിരുന്നു.തുടർന്ന് സർവകലാശാല കാമ്പസുകളിലുടനീളം വിദ്യാർത്ഥികൾ പ്രതിഷേധം ആരംഭിച്ചു.ഒരു പേപ്പറെങ്കിലും ചോർന്നിട്ടുണ്ടെന്നും വെറും 5,000 രൂപയ്ക്ക് ലക്‌നൗ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികൾ അത് ലഭ്യമായെന്നും ആരോപണമുണ്ട്.ഈ പേപ്പർ ജൂൺ 16 മുതൽ വാട്ട്‌സ്ആപ്പ് , ടെലിഗ്രാം ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ചതായി റിപ്പോർട്ടുണ്ട്.