/kalakaumudi/media/media_files/2024/12/05/hWrEhz3iREHegtwD43cd.jpg)
ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതിയിലെ ജഡ്ജിക്കെതിരേ ആഭ്യന്തര അന്വേഷണം നടത്താന്‍ സുപ്രീംകോടതി തീരുമാനിച്ചു. ജസ്റ്റിസ് യശ്വന്ത് വര്‍മയ്‌ക്കെതിരെയാണ് ആഭ്യന്തര അന്വേഷണം നടത്താന്‍ സുപ്രീംകോടതിയുടെ ഫുള്‍ കോര്‍ട്ട് യോഗം തീരുമാനിച്ചത്. സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡികെ ഉപാധ്യയോട് സുപ്രീംകോടതി നിര്‍ദേശിച്ചു.ഇന്ന് രാവിലെ ചേര്‍ന്ന സുപ്രീംകോടതിയുടെ ഫുള്‍ കോര്‍ട്ട് യോഗത്തിലാണ് ജസ്റ്റിസ് യശ്വന്ത് വര്‍മയ്‌ക്കെതിരേ അന്വേഷണത്തിന് തീരുമാനമായത്. കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയതിനെ സംബന്ധിച്ച് സര്‍ക്കാരില്‍നിന്ന് ലഭിച്ച വിവരം ഫുള്‍ കോര്‍ട്ട് യോഗത്തെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ധരിപ്പിച്ചു. ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് മടക്കിയയക്കാനുള്ള കൊളീജിയം തീരുമാനവും ചീഫ് ജസ്റ്റിസ് യോഗത്തെ അറിയിച്ചു. എന്നാല്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയ്‌ക്കെതിരേ കടുത്ത നടപടി വേണമെന്ന് ചില ജഡ്ജിമാര്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് ആഭ്യന്തര അന്വേഷണത്തിന് ഫുള്‍ കോര്‍ട്ട് യോഗം തീരുമാനമെടുത്തത്. ആഭ്യന്തര അന്വേഷണത്തിന് സുപ്രീംകോടതിയിലെ ഒരു ജഡ്ജി നേതൃത്വം നല്‍കും. രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും ആഭ്യന്തര അന്വേഷണ സമിതിയില്‍ അംഗമായിരിക്കും. ആഭ്യന്തര അന്വേഷണ സമിതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ജഡ്ജിയെ പുറത്താക്കാനുള്ള നടപടികളിലേക്ക് പാര്‍ലമെന്റിന് കടക്കാം.