കേന്ദ്രബജറ്റ് ഫെബ്രുവരി 1 ന്

ജനുവരി 31-ന് ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് ദ്രൗപതി മുര്‍മു നടത്തുന്ന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. ധനമന്ത്രിയുടെ തുടര്‍ച്ചയായ എട്ടാമത്തെ ബജറ്റാണിത്.

author-image
Biju
New Update
nirmala

Nirmala Sitaraman

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ആദ്യഘട്ട ബജറ്റ് സമ്മേളനം ജനുവരി 31 നും ഫെബ്രുവരി 13 നും ഇടയില്‍ നടക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 1 നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുക.11 മണിക്കാണ് ബജറ്റ് അവതരണം.

ജനുവരി 31-ന് ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് ദ്രൗപതി മുര്‍മു നടത്തുന്ന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. ധനമന്ത്രിയുടെ തുടര്‍ച്ചയായ എട്ടാമത്തെ ബജറ്റാണിത്. 

അതിനിടെ റിസര്‍വ് ബാങ്കിന്റെ ഇ-കുബേര്‍ സംവിധാനം വഴി 1,500 കോടി രൂപ കൂടി കടമെടുക്കാന്‍ ഒരുങ്ങുകയാണ് കേരളം. സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥം നടത്തുന്ന കടപ്പത്രങ്ങളുടെ ലേലം ഈമാസം 21ന് നടക്കും. കഴിഞ്ഞ ദിവസം 2,500 കോടി രൂപ കടമെടുത്തത്തിന് പുറമെയാണിത്. 19 വര്‍ഷത്തേക്ക് 7.24 ശതമാനം പലിശക്കാണ് ഈ ആഴ്ച കടമെടുത്തത്. ഇതോടെ 2025 കലണ്ടര്‍ വര്‍ഷത്തിലെ കടമെടുപ്പ് 4,000 കോടി രൂപയിലെത്തി. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ കടം 36,002 കോടി രൂപയുമായി.

ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 8,000 കോടി രൂപ കൂടി കടമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം കേരളത്തിന് അനുമതി നല്‍കിയിരുന്നു. 17,600 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ഇത്ര മാത്രമാണ് അനുവദിച്ചത്. 

കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവില്‍ 13,608 കോടി രൂപ കടമെടുക്കാന്‍ കേന്ദ്രം അനുവദിച്ചിരുന്നു. അതേസമയം, 4,000 കോടി രൂപ മാത്രം കടമെടുപ്പില്‍ അവശേഷിക്കവേ, അവസാന മാസങ്ങളിലെ ചെലവുകള്‍ക്ക് പണം എങ്ങനെ കണ്ടെത്തുമെന്ന കാര്യത്തില്‍ ആശങ്ക ശക്തമായി. പ്രതിമാസം ദൈനംദിന ചെലവുകള്‍ക്കായി വരുമാനത്തിന് പുറമെ 3,000 കോടി രൂപയോളം സര്‍ക്കാരിന് അധികം ചെലവാകുമെന്നാണ് കണക്ക്. കടമെടുപ്പിലൂടെയും ചെലവ് വെട്ടിച്ചുരുക്കിയും മറ്റുമാണ് സര്‍ക്കാര്‍ ഈതുക കണ്ടെത്തുന്നത്. അവസാന മാസങ്ങളില്‍ ചെലവ് വര്‍ധിക്കുമെന്നതിനാല്‍ ഈ തുക മതിയാകുമോയെന്നാണ് ആശങ്ക.

2024-25 സാമ്പത്തിക വര്‍ഷം 37,512 കോടി രൂപ കടമെടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി. ഇതില്‍ ഡിസംബര്‍ വരെ 23,000 കോടി രൂപയും ബാക്കി ജനുവരി-മാര്‍ച്ച് കാലയളവില്‍ കടമെടുക്കാം എന്നുമായിരുന്നു അനുമതി. എന്നാല്‍ പലതവണയായി 32,002 കോടി രൂപ ഡിസംബറിനുള്ളില്‍ തന്നെ കേരളം എടുത്തുതീര്‍ത്തു. 

ഇതിനിടയില്‍ ഓണക്കാലത്ത് 4,200 കോടി രൂപയും പബ്ലിക് അക്കൗണ്ടിലെ പണം കുറവായതിനാല്‍ 2,755 കോടി രൂപയും കേന്ദ്രം അധികമായി അനുവദിച്ചിരുന്നു. കടമെടുപ്പ് പരിധി നിശ്ചയിച്ചതില്‍ അപാകതയുണ്ടെന്നും കൂടുതല്‍ അര്‍ഹതയുണ്ടെന്നും കാട്ടി കേന്ദ്രത്തെ സമീപിക്കാനാണ് കേരളത്തിന്റെ നീക്കം. കടമെടുപ്പ് പരിധി വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും ധനവകുപ്പ് വൃത്തങ്ങള്‍ പറയുന്നു.

 

union budget