പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളെ കാണും

രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഇതിന് മുന്‍പ് പത്ത് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളെ കാണും.

author-image
Biju
New Update
hj

Union Budget 2025

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഇതിന് മുന്‍പ് പത്ത് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളെ കാണും. സഭ നടത്തിപ്പിന് പ്രതിപക്ഷ പിന്തുണ തേടും. വഖഫ് നിയമഭേദഗതി ബില്ലില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കും.

കുംഭമേള ദുരന്തവും സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കുമെന്നാണ് പ്രതീക്ഷ. നാളെയാണ് പൊതു ബജറ്റ്. തുടര്‍ച്ചയായ എട്ടാമത്തെ ബജറ്റാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിലക്കയറ്റം പിടിച്ചു നിര്‍ത്താനും നികുതിയിലുമൊക്കെ എന്തൊക്കെ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് രാജ്യം ഉറ്റുനോക്കുകയാണ്.

നികുതിയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളാണ് സാധാരണക്കാര്‍ ഉറ്റുനോക്കുന്നത്. നിലവിലെ ആദായ നികുതി സ്ലാബില്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിലക്കയറ്റം പിടിച്ചു നിര്‍ത്താനുള്ള നടപടികളുണ്ടോകുമോ എന്നതും ആകാംക്ഷയാണ്. നിലവിലെ ആദായ നികുതിദായകരില്‍ 72 ശതമാനം പേരും പുതിയ നികുതി സമ്പ്രദായത്തിലേക്ക് മാറിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. പുതിയ ആദായനികുതി സ്‌കീം പ്രകാരം നിലവില്‍ 3 ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് ആദായനികുതി ഇല്ല.

എന്നാല്‍ ഇത്തവണത്തെ ബജറ്റില്‍ അത് അഞ്ച് ലക്ഷമായി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാണ്. പഴയ നികുതി വ്യവസ്ഥയില്‍ 2.50 ലക്ഷം രൂപ വരെ വരുമാനമുള്ളവരാണ് നികുതി ബാധ്യത ഇല്ലാത്തവര്‍.

അതും 5 ലക്ഷം രൂപയായി ഉയര്‍ത്തണമെന്ന ആവശ്യമുണ്ട്. പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 75,000 രൂപയില്‍ നിന്ന് 1.50 ലക്ഷം രൂപയായും, പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50,000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായി ഉയര്‍ത്തണമെന്ന ആവശ്യവും സര്‍ക്കാരിന് മുന്നിലുണ്ട്. നികുതി നല്‍കേണ്ട വരുമാനം 7 ലക്ഷം രൂപയില്‍ നിന്ന് 10 ലക്ഷം രൂപയാക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തയ്യാറാകുമോ എന്നതും ഇന്ത്യന്‍ മധ്യവര്‍ഗം ഉറ്റുനോക്കുന്നു.