കേന്ദ്രബജറ്റ് 2026

12 വർഷം മുമ്പ് സർക്കാർ അധികാരമേറ്റതുമുതൽ രാജ്യത്തിന്റെ സാമ്പത്തിക പാത സ്ഥിരത, സാമ്പത്തിക അച്ചടക്കം, സുസ്ഥിര വളർച്ച, മിതമായ പണപ്പെരുപ്പം എന്നിവയാൽ അടയാളപ്പെടുത്തിയിരിക്കുന്നു

author-image
Devina
New Update
budge

ഇന്ത്യ വളർച്ചയുടെ പാതയിൽ

ആഗോളതലത്തിൽ അനിശ്ചിതത്വം നിലനിൽക്കുമ്പോഴും ഇന്ത്യ വളർച്ച കൈവരിച്ചു. ഇന്ത്യ ഏഴുശതമാനം വളർച്ച നിലനിർത്തിയതായി ധനമന്ത്രി പറഞ്ഞു. 12 വർഷം മുമ്പ് സർക്കാർ അധികാരമേറ്റതുമുതൽ രാജ്യത്തിന്റെ സാമ്പത്തിക പാത സ്ഥിരത, സാമ്പത്തിക അച്ചടക്കം, സുസ്ഥിര വളർച്ച, മിതമായ പണപ്പെരുപ്പം എന്നിവയാൽ അടയാളപ്പെടുത്തിയിരിക്കുന്നു. അനിശ്ചിതത്വത്തിന്റെയും തടസ്സങ്ങളുടെയും സമയങ്ങളിൽ പോലും ഞങ്ങൾ നടത്തിയ ബോധപൂർവമായ തെരഞ്ഞെടുപ്പുകളുടെ ഫലമാണിത്'_ ധനമന്ത്രി പറഞ്ഞു.

ധാതു ഖനന ഇടനാഴി

കേരളം, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ കടലോര മേഖലകളിൽ സമ്പന്നമായി കിടക്കുന്ന ധാതുക്കൾ പ്രയോജനപ്പെടുത്താൻ ധാതു ഖനന ഇടനാഴി സ്ഥാപിക്കും. ഇതിലൂടെ ധാതുക്കളുടെ ഇറക്കുമതി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പറഞ്ഞു.

സെമികണ്ടക്ടർ ഉൽപ്പാദനം
സെമികണ്ടക്ടർ ഉൽപ്പാദനം മെച്ചപ്പെടുത്തുന്നതിന് 40,000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി. സെമികണ്ടക്ടർ ഉൽപ്പാദനം മെച്ചപ്പെടുത്തുന്നതിന് ഇന്ത്യ സെമികണ്ടക്ടർ മിഷൻ 2.0 പ്രഖ്യാപിച്ചു. 

ഹൈ സ്പീഡ് റെയില്‍ കോറിഡോര്‍

ബജറ്റില്‍ ഹൈ സ്പീഡ് റെയില്‍ കോറിഡോര്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഏറെ ഉറ്റുനോക്കിയ ഈ പദ്ധതിയില്‍ കേരളമില്ല.

1. മുംബൈ -പുനെ

2. പുനെ-ഹൈദരാബാദ്

3. ഹൈദരാബാദ്- ബംഗളൂരു

4. ബംഗളൂരു- ചെന്നൈ

5. ചെന്നൈ- ബംഗളൂരു

6. ഡല്‍ഹി- വാരാണസി

7. വാരാണസി- സിലിഗുരി

മൂലധന ചെലവ്

നാടിന്റെ വികസനത്തിന് മൂലധന ചെലവ് കൂട്ടുമെന്ന് ബജറ്റ്. വരുന്ന സാമ്പത്തിക വര്‍ഷം 12.2 ലക്ഷം കോടി രൂപയാണ് മൂലധന ചെലവിനായി ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്.

10,000 കോടി രൂപയുടെ എംഎസ്എംഇ വളര്‍ച്ചാ ഫണ്ട്

ചെറുകിട സംരംഭങ്ങള്‍ക്ക് കരുത്തുപകരാന്‍ 10,000 കോടി രൂപയുടെ എംഎസ്എംഇ വളര്‍ച്ചാ ഫണ്ടിന് രൂപം നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം

മെഗാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കും

വെല്ലുവിളി നിറഞ്ഞ ടെക്‌സ്റ്റൈല്‍ മേഖലയ്ക്ക് ബജറ്റില്‍ കൈത്താങ്. രാജ്യത്ത് മെഗാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി ബജറ്റില്‍ പറഞ്ഞു. ഖാദി, കൈത്തറി എന്നിവ ശക്തിപ്പെടുത്തുന്നതിനായി മഹാത്മാഗാന്ധി ഗ്രാമസ്വരാജ് പദ്ധതി ആരംഭിക്കും

എല്ലാ ജില്ലയിലും പെൺകുട്ടികളുടെ ഹോസ്റ്റൽ
എല്ലാ ജില്ലയിലും പെൺകുട്ടികളുടെ ഹോസ്റ്റൽ സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. വെറ്ററിനറി കോളജുകൾ, ആശുപത്രികൾ, ഡയഗ്‌നോസ്റ്റിക്‌സ് ലബോറട്ടറികൾ എന്നിവയ്ക്കായി വായ്പാ ബന്ധിത മൂലധന സബ്‌സിഡി പിന്തുണാ പദ്ധതിയും നിർദ്ദേശിച്ചു. പ്രധാന വ്യാവസായിക ലോജിസ്റ്റിക് കേന്ദ്രങ്ങൾക്ക് സമീപമുള്ള അഞ്ച് യൂണിവേഴ്‌സിറ്റി ടൗൺഷിപ്പുകളെ കേന്ദ്രം പിന്തുണയ്ക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

മൂന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ സ്ഥാപിക്കും
രാജ്യത്ത് ആയുർവേദ ചികിത്സ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന് മൂന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം.

ഏപ്രിൽ ഒന്നുമുതൽ പുതിയ ആദായനികുതി നിയമം
ഏപ്രിൽ ഒന്നുമുതൽ പുതിയ ആദായനികുതി നിയമം നിലവിൽ വരുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.

മെഡിക്കൽ വിഭ്യാഭ്യാസത്തിന്റെ ടിസിഎസ് കുറച്ചു
വിദ്യാഭ്യാസത്തിനും മെഡിക്കൽ ആവശ്യങ്ങൾക്കുമായി വിദേശത്ത് പോകുന്നവർക്ക് ആശ്വാസം. ലിബറലൈസ്ഡ് റെമിറ്റൻസ് സ്‌കീം അനുസരിച്ച് വിദേശത്ത് പോകുന്നവരുടെ ടിസിഎസ് നിരക്ക് നിലവിലെ അഞ്ചു ശതമാനത്തിൽ നിന്ന് രണ്ടു ശതമാനമായി കുറയ്ക്കാൻ ബജറ്റ് നിർദേശിച്ചു.

വിദേശയാത്രയുടെ ടിസിഎസ് കുറച്ചു
വിദേശ യാത്രയുടെ ടിസിഎസ് നിലവിലെ 5 ശതമാനം, 20 ശതമാനം എന്നിവയിൽ നിന്ന് രണ്ടു ശതമാനമായി കുറച്ചു.

ഇത്തവണയും എയിംസ് ഇല്ല
എല്ലാവരും പ്രതീക്ഷയോടെ ഉറ്റുനോക്കിയ കേരളത്തിന് എയിംസ് ഇത്തവണയും കേന്ദ്ര ബജറ്റിൽ ഇടംപിടിച്ചില്ല

വിദേശ ആസ്തി വെളിപ്പെടുത്താൻ ആറു മാസത്തെ സമയം
വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾ, ടെക് പ്രൊഫണലുകൾ, പ്രവാസികൾ തുടങ്ങിയവർക്ക് വിദേശ ആസ്തി വെളിപ്പെടുത്താൻ ആറ് മാസത്തെ സമയം അനുവദിക്കുന്ന പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. ഒന്നാം അപ്പീൽ അതോറിറ്റിക്ക് മുമ്പാകെ അപ്പീൽ ചെയ്യുന്ന കാലയളവിലേക്കുള്ള പിഴ തുകയ്ക്ക് നികുതിദായകർക്ക് പലിശ ബാധ്യത ഉണ്ടാകില്ലെന്ന് ധനമന്ത്രി അറിയിച്ചു.

പ്രവാസികൾക്കും ഓഹരി വിപണിയിൽ നിക്ഷേപിക്കാം
പ്രവാസികൾക്ക് പോർട്ട്ഫോളിയോ നിക്ഷേപ പദ്ധതിയിലൂടെ ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിക്കാമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇന്ത്യൻ ഓഹരി വിപണി നിർണായക ഘട്ടത്തിലൂടെ കടന്നുപോകുന്ന പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് നിക്ഷേപം പിൻവലിക്കുന്നത് തുടരുന്ന പശ്ചാത്തലത്തിലാണ് ഓഹരി വിപണിക്ക് കരുത്തുപകരുന്ന പ്രഖ്യാപനം.

ആദായനികുതി നിരക്കിൽ മാറ്റമില്ല
ആദായനികുതി നിരക്കിൽ മാറ്റം വരുത്താതെ കേന്ദ്ര ബജറ്റ്. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച നികുതി നിരക്കുകൾ തന്നെ തുടരും.