/kalakaumudi/media/media_files/2026/02/01/bj8-2026-02-01-11-57-55.jpg)
ന്യൂഡല്‍ഹി:ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. തുടര്‍ച്ചയായ ഒമ്പതാം തവണയാണ് നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത്. ഇതോടെ ഏറ്റവും കൂടുതല്‍ തവണ തുടര്‍ച്ചയായി ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി എന്ന റെക്കോര്‍ഡും അവര്‍ സ്വന്തമാക്കി. ചരിത്രത്തിലാദ്യമായി ഒരു ഞായറാഴ്ച ബജറ്റ് അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. 'വികസിത് ഭാരതം' എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണം 24/7 ഊര്‍ജ്ജസ്വലമാണെന്ന രാഷ്ട്രീയ സന്ദേശം കൂടിയാണ് ഈ അവധി ദിനത്തിലെ ബജറ്റ് പ്രഖ്യാപനം നല്‍കുന്നത്.
രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ അതീവ ഭദ്രമാണെന്ന് വ്യക്തമാക്കുന്ന സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിന് പിന്നാലെയാണ് ധനമന്ത്രിയുടെ പ്രസംഗം. 2026 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 7.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഭാരതത്തെ ലോകത്തിന്റെ വളര്‍ച്ചാ എന്‍ജിനായി നിലനിര്‍ത്താനുള്ള കൃത്യമായ റോഡ് മാപ്പാണ് ബജറ്റിലുള്ളത്. മൂന്ന് പ്രധാന 'കര്‍ത്തവ്യ'ങ്ങളെ (Kartavya) അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ ബജറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് എന്ന് ധനമന്ത്രി വ്യക്തമാക്കി.
ബജറ്റിന്റെ മൂന്ന് 'കര്‍ത്തവ്യ'ങ്ങള്‍:
ആദ്യ കര്‍ത്തവ്യം: ആഗോള പ്രക്ഷുബ്ധതകള്‍ക്കിടയിലും ഭാരതത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കുക, ഉല്‍പ്പാദനക്ഷമതയും മത്സരക്ഷമതയും വര്‍ധിപ്പിച്ച് സുസ്ഥിരമായ വളര്‍ച്ച ഉറപ്പാക്കുക.
രണ്ടാം കര്‍ത്തവ്യം: രാജ്യത്തെ ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുക. ഓരോ പൗരനെയും രാജ്യത്തിന്റെ പുരോഗതിയിലെ ശക്തമായ പങ്കാളിയാക്കി മാറ്റുന്നതിനായി അവരുടെ ശേഷി വര്‍ധിപ്പിക്കുക.
മൂന്നാം കര്‍ത്തവ്യം: 'സബ് കാ സാത്ത്, സബ് കാ വികാസ്'. വിഭവങ്ങളും അവസരങ്ങളും എല്ലാ കുടുംബങ്ങളിലേക്കും സമുദായങ്ങളിലേക്കും പ്രാദേശിക ഭേദമന്യേ എത്തിക്കുക. ആര്‍ക്കും അവസരങ്ങള്‍ നിഷേധിക്കപ്പെടാത്ത, എല്ലാവര്‍ക്കും പങ്കാളിത്തമുള്ള നവഭാരതം നിര്‍മ്മിക്കുക.
സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നല്‍ നല്‍കുന്ന ബജറ്റ്, ഇന്ത്യയെ ഒരു ആഗോള നിര്‍മ്മാണ ഹബ്ബാക്കി മാറ്റാനുള്ള മോദി സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതിഫലനമാണ്. തദ്ദേശീയമായ ഉല്‍പ്പാദനത്തിന് കരുത്തുപകരുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് സൂചന.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
