/kalakaumudi/media/media_files/2025/10/23/modi-2025-10-23-16-37-08.jpg)
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് അനന്തമായ അവസരങ്ങളിലേക്കുള്ള പാതായാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2026-27 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് അവതരണത്തിനു ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയുടെ വികസനക്കുതിപ്പിന് ബജറ്റ് ശക്തമായ അടിത്തറ പാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
തുടര്‍ച്ചയായി ഒന്‍പതാം തവണയും ബജറ്റ് അവതരിപ്പിച്ച് റെക്കോര്‍ഡ് ഇട്ട ധനമന്ത്രി നിര്‍മ്മല സീതാരാമനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇത് രാജ്യത്തെ 'നാരി ശക്തി'യുടെ വളര്‍ച്ചയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ നടത്തുന്ന സ്വാശ്രയ ഗ്രൂപ്പുകളില്‍ രാജ്യത്തുടനീളമുള്ള 10 കോടിയിലധികം സ്ത്രീകള്‍ ചേര്‍ന്നിട്ടുണ്ടെന്നും ബജറ്റ് അവര്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓരോ ജില്ലകളിലും പെണ്‍കുട്ടികള്‍ക്കായി പുതിയ ഹോസ്റ്റലുകള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി പ്രത്യേകം പരാമര്‍ശിച്ചു.
രാജ്യത്തെ യുവാക്കള്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ക്കനുസരിച്ച് ഉയരങ്ങളിലേക്ക് പറക്കാന്‍ ബജറ്റിലെ പരിഷ്‌കാരണങ്ങള്‍ സഹായിക്കുമെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും നൈപുണ്യ വികസനത്തിനും ബജറ്റ് വലിയ പ്രാധാന്യം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത് അനന്തമായ അവസരങ്ങളിലേക്കുള്ള ഒരു പാതയാണ്. ഇന്ത്യയുടെ ശോഭനമായ ഭാവിയുടെ അടിത്തറയെ ഇത് ശക്തിപ്പെടുത്തുന്നു. വീക്ഷിത് ഭാരത് 2047-നുള്ള ശക്തമായ അടിത്തറയാണിത്. ഇന്ത്യയുടെ പരിഷ്‌കരണ എക്‌സ്പ്രസ് ഇതോടെ പുതിയ വേഗത കൈവരിക്കും, ബജറ്റിനെ പ്രശംസിച്ചുകൊണ്ട് മോദി പറഞ്ഞു.
ബയോഫാര്‍മ ശക്തി മിഷന്‍, സെമികണ്ടക്ടര്‍ മിഷന്‍ 2.0, റെയര്‍ എര്‍ത്ത് കോറിഡോര്‍ തുടങ്ങിയ നൂതന പദ്ധതികള്‍ വഴി ഇന്ത്യയെ ഒരു ആഗോള ഹബ്ബാക്കി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നികുതി പരിഷ്‌കാരങ്ങള്‍, ധനക്കമ്മി കുറയ്ക്കല്‍, നാണയപ്പെരുപ്പം നിയന്ത്രിക്കല്‍ എന്നിവയിലൂടെ ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കുന്ന ഭരണരീതിയാണ് ബജറ്റില്‍ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചെറുകിട വ്യവസായങ്ങളെയും ഉല്‍പ്പാദന മേഖലയെയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ബജറ്റ് സഹായിക്കും. യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാര കരാറുകള്‍ രാജ്യത്തെ യുവാക്കള്‍ക്കും സംരംഭകര്‍ക്കും ഗുണകരമാകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഇന്ത്യ വെറുമൊരു വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥ മാത്രമല്ല, മറിച്ച് ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകാനുള്ള പാതയിലാണെന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ വ്യക്തമാക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
