'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പി'ന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

നിയമസഭകളിലേക്ക് പല സമയങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇത് രാജ്യത്തിന്റെ പുരോഗതിക്കു തടസം സൃഷ്ടിക്കുന്നുവെന്നും വികസന പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിക്കുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ പലതവണ പറഞ്ഞിരുന്നു.

author-image
Prana
New Update
pol

പാര്‍ലമെന്റിലേക്കും നിയമസഭകളിലേക്കും ഒരുമിച്ചു തിരഞ്ഞെടുപ്പ് നടത്താനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ബില്‍ ഉടനെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും. ഇതിനുവേണ്ടി നിലവിലുള്ള തിരഞ്ഞെടുപ്പ് നിയമങ്ങളിലെല്ലാം ഭേദഗതി വരുത്തിക്കൊണ്ടുള്ള സമഗ്രമായ ഒറ്റ നിയമം ശുപാര്‍ശ ചെയ്യുന്ന ബില്ല് അവതരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. 
നിയമസഭകളിലേക്ക് പല സമയങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇത് രാജ്യത്തിന്റെ പുരോഗതിക്കു തടസം സൃഷ്ടിക്കുന്നുവെന്നും വികസന പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിക്കുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ പലതവണ പറഞ്ഞിരുന്നു. ഇത് സാമ്പത്തിക ബാധ്യത കൂട്ടുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു.
അതേസമയം ഒരുരാജ്യം ഒറ്റ തിരഞ്ഞെടുപ്പ് ആശയം അപ്രായോഗികമാണെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഒരേസമയം തിരഞ്ഞെടുപ്പെന്ന ആശയം ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്. ബില്ലിനെ എതിര്‍ക്കുമെന്നും പ്രതിപക്ഷം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. ലോക്‌സഭയിലും രാജ്യസഭയിലും ഭൂരിപക്ഷമുള്ളതിനാല്‍ ബില്ല് പാസാക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് ആശങ്കകളില്ല. ബില്ല് ചിലപ്പോള്‍ കൂടുതല്‍ പരിശോധനനയ്ക്ക് ജോയന്റ് പാര്‍ലമെന്ററി സമിതിക്ക് കൈമാറിയേക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.
മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായും ജെ.പി.സി. ചര്‍ച്ച നടത്തും. എല്ലാ സംസ്ഥാനങ്ങളിലേയും നിയമസഭാ സ്പീക്കറുമാരേയും സൈദ്ധാന്തികരേയും ചര്‍ച്ചയുടെ ഭാഗമാക്കുമെന്നും സാധാരണക്കാരായ പൗരന്മാരുടെ അഭിപ്രായം തേടുമെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
ബില്‍ നടപ്പാക്കണമെങ്കില്‍ കുറഞ്ഞത് ആറ് ഭരണഘടനാ ഭേദഗതികളെങ്കിലും വേണ്ടിവരും. കൂടാതെ പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷവും ആവശ്യമാണ്. എന്നാല്‍, മൂന്നാം മോദി സര്‍ക്കാരില്‍ ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ സംവിധാനം നടപ്പാക്കാന്‍ ബുദ്ധിമുട്ടാവുമെന്ന് ആദ്യഘട്ടത്തിലേ വിലയിരുത്തപ്പെട്ടിരുന്നു. തീരുമാനം നടപ്പാക്കുന്നതിന് ഘടകകക്ഷികളുടെ പിന്തുണ അത്യാവശ്യമാണ്. നവംബര്‍ 25ന് ആരംഭിച്ച പാര്‍ലമെന്റ് ശൈത്യകാല സമ്മേളനം ഡിസംബര്‍ 20നാണ് അവസാനിക്കുക.
ലോക്‌സഭ, നിയമസഭ, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്താന്‍ ലക്ഷ്യമിട്ടുള്ള 'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്' സംവിധാനം 2014 മുതല്‍ മോദി സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന ആശയമാണ്. അടിക്കടി തിരഞ്ഞെടുപ്പു വരുന്നത് രാജ്യപുരോഗതിക്ക് വിഘാതമാകുന്നുവെന്ന് കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന് ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിലും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
സംവിധാനത്തെക്കുറിച്ച് പഠിക്കാന്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതിയെ രണ്ടാം മോദി സര്‍ക്കാര്‍ കാലത്ത് ചുമതലപ്പെടുത്തിയിരുന്നു. ആദ്യഘട്ടമെന്ന നിലയില്‍ ലോക്‌സഭയിലേക്കും നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്താനും തുടര്‍ന്ന് നൂറു ദിവസത്തിനുള്ളില്‍ തദ്ദേശസ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ഒറ്റയടിക്ക് തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കാനും നിര്‍ദേശിച്ച് കോവിന്ദ് സമിതി കഴിഞ്ഞ മാര്‍ച്ചില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചിരുന്നു. 

 

opposition bloc india one nation one election central government cabinet