/kalakaumudi/media/media_files/2025/03/12/oajfyFshpONxfdLMlCGC.jpg)
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും കേരള ഹൗസില്‍ കൂടിക്കാഴ്ച നടത്തി. കേരള ഹൗസില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും പ്രൊഫ. കെ.വി തോമസും പങ്കെടുത്തു.
രാവിലെ 9 മണിയോടു കൂടിയായിരുന്നു കൂടിക്കാഴ്ച്ച തുടങ്ങിയത്. മുക്കാല്‍ മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച്ചക്ക് ശേഷം ധനമന്ത്രി പാര്‍ലമെന്റിലേക്ക് പോയി. പാര്‍ട്ടിയുടെ പിബി യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി ദില്ലിയില്‍ തുടരുകയാണ്.
വയനാട് പുനരധിവാസത്തിനുള്ള വായ്പാ വിനിയോഗ കാലാവധി നീട്ടി നല്‍കുന്നത് ചര്‍ച്ചയായി. ലാപ്‌സായ കേന്ദ്ര സഹായം മുന്‍കാല പ്രാബല്യത്തോടെ നല്‍കണമെന്ന് കൂടിക്കാഴ്ച്ചയില്‍ ആവശ്യപ്പെട്ടു. വയനാട്, വിഴിഞ്ഞം, വായ്പ പരിധി തുടങ്ങിയവ ചര്‍ച്ചയായി. കേരളത്തിന്റെ വികസന വിഷയങ്ങളില്‍ അനുകൂല സമീപനം വേണമെന്നാവശ്യവും കൂടിക്കാഴ്ചയിലുണ്ടായി. ആശ വര്‍ക്കര്‍മാരുടെ സമരത്തില്‍ ചര്‍ച്ചയുണ്ടായില്ല.
കേരളത്തിന്റെ ആവശ്യങ്ങളില്‍ തുടര്‍ ആലോചനകള്‍ നടത്താമെന്ന് ധനമന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു. കേരളം ഉന്നയിച്ച ആവശ്യങ്ങളെല്ലാം പരിഹരിക്കാമെന്ന് നിര്‍മല സീതാരാമന്‍ ഉറപ്പുനല്‍കിയതായാണ് വിവരം. അനൗദ്യോഗിക സന്ദര്‍ശനമായിരുന്നു കേന്ദ്ര മന്ത്രിയുടേത്. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രഭാത ഭക്ഷണവും കഴിച്ചാണ് കേന്ദ്ര മന്ത്രി മടങ്ങിയത്.