മമതയെ അധികാരഭ്രഷ്ടയാക്കി മുഴുവന്‍ നുഴഞ്ഞുകയറ്റക്കാരെയും പിടിച്ച് പുറത്താക്കുമെന്ന് അമിത് ഷാ

പശ്ചിമ ബംഗാളിലെ ജനങ്ങള്‍ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് ആശങ്കാകുലരാണ്. എന്നാല്‍ നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിയുക മാത്രമല്ല, അവരെ പുറത്താക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

author-image
Biju
New Update
amit

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാരിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചൊവ്വാഴ്ച രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. സര്‍ക്കാര്‍ ഭൂമി നല്‍കുന്നില്ല അതുകൊണ്ടാണ് ബംഗ്ലാദേശ് അതിര്‍ത്തിയിലെ വേലി കെട്ടല്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്ന് അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്തയില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഷാ.

തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി മമത ബാനര്‍ജി ബംഗ്ലാദേശികളുടെ നുഴഞ്ഞുകയറ്റത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിലെ ജനങ്ങള്‍ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് ആശങ്കാകുലരാണ്. എന്നാല്‍ നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിയുക മാത്രമല്ല, അവരെ പുറത്താക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ കിഴക്കന്‍ അതിര്‍ത്തികളില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം ബിജെപി തടയുമെന്നും അധികാരത്തിലെത്തിയാല്‍ ബംഗാളിന്റെ പുനരുജ്ജീവനം ഉറപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞു.

മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ അഴിമതി പശ്ചിമ ബംഗാളിലുടനീളമുള്ള വികസനം സ്തംഭിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി മോദി ആരംഭിച്ച എല്ലാ പ്രയോജനകരമായ പദ്ധതികളും സംസ്ഥാനത്തെ ഭരണകൂടം തടഞ്ഞു. കൂടാതെ കഴിഞ്ഞ 14 വര്‍ഷമായി ഭയവും അഴിമതിയും പശ്ചിമ ബംഗാളിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. 2026 ഏപ്രില്‍ 15 ന് പശ്ചിമ ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍, ഞങ്ങള്‍ ബാംഗ് ഗൗരവ്, ബാംഗ് സംസ്‌കാരം എന്നിവ പുനരുജ്ജീവിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ പരാമര്‍ശിച്ചുകൊണ്ടും അമിത് ഷാ സംസാരിച്ചു. ''ബംഗാളില്‍ ഞങ്ങള്‍ക്ക് 17 ശതമാനം വോട്ടും രണ്ട് സീറ്റുകളും ലഭിച്ചു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് 10 ശതമാനം വോട്ടും മൂന്ന് സീറ്റുകളും ലഭിച്ചു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് 41 ശതമാനം വോട്ടും 18 സീറ്റുകളും ലഭിച്ചു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് 38 ശതമാനം വോട്ടും 77 സീറ്റുകളും ലഭിച്ചു. അതായത് മൂന്ന് സീറ്റുകള്‍ മാത്രം ലഭിച്ച ഒരു പാര്‍ട്ടി അഞ്ച് വര്‍ഷത്തിനുള്ളില്‍ 77 സീറ്റുകള്‍ നേടിയെന്ന് അമിത് ഷാ പറഞ്ഞു.

കൂടാതെ 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 39 ശതമാനം വോട്ടും 12 സീറ്റുകളും നേടി. ഈ സാഹചര്യത്തില്‍ 2026 ല്‍ ബിജെപി തീര്‍ച്ചയായും വന്‍ ഭൂരിപക്ഷത്തോടെ ബംഗാളില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസത്തെ പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിങ്കളാഴ്ച വൈകുന്നേരമാണ് കൊല്‍ക്കത്തയിലെത്തിയത്. അടുത്ത വര്‍ഷം സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഷായുടെ സന്ദര്‍ശനം ഏറ്റെ പ്രാധാന്യമര്‍ഹിക്കുന്നതായിട്ടാണ് കണക്കാക്കപ്പെടുന്നത്.