/kalakaumudi/media/media_files/2025/02/03/PcC7xjWc6GmZSS79OvuW.jpg)
Minister George Kurian
ന്യൂഡല്‍ഹി: കേന്ദ്ര വിഹിതത്തിന്റെ കാര്യത്തില്‍ നിലപാട് തിരുത്തി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. കേരളത്തിന് കൂടുതല്‍ കേന്ദ്ര വിഹിതം ലഭിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ധനകാര്യ കമ്മിഷനെ സമീപിക്കണമെന്നാണ് താന്‍ പറഞ്ഞതെന്ന് ജോര്‍ജ് കുര്യന്‍ പറഞ്ഞു. ''ഇപ്പോള്‍ കേരളത്തിന് ലഭിക്കുന്ന വിഹിതം 1.9 % ആണ്. ഇത് വര്‍ധിപ്പിക്കണമെന്നാണ് കേരള സര്‍ക്കാരിന്റെ ആവശ്യം. ഇത് നടപ്പാകണമെങ്കില്‍ അവര്‍ സമീപിക്കേണ്ടത് ധനകാര്യ കമ്മിഷനെയാണ്.
അവര്‍ക്ക് അവരുടേതായ ചില നിബന്ധനകള്‍ ഉണ്ട്. അതിനെ അടിസ്ഥാനമാക്കിയാണ് കൂടുതല്‍ വിഹിതത്തിന്റെ കാര്യത്തില്‍ റിപ്പോര്‍ട്ട് തയാറാക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാകും കേന്ദ്രസര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിക്കുന്നത്.
കേരള സര്‍ക്കാര്‍ കേന്ദ്രത്തോട് കൂടുതല്‍ കടം ആവശ്യപ്പെടുന്നുണ്ട്. അത് വികസനത്തിന് വേണ്ടിയല്ല, മറിച്ച് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ വേണ്ടിയാണ്. ഈ സാഹചര്യത്തിലാണ് ഞാന്‍ പറഞ്ഞത് കേരളം സാമ്പത്തിക വിനിയോഗത്തില്‍ വളരെ മോശം അവസ്ഥയിലാണെന്ന്.'' ജോര്‍ജ് കുര്യന്‍ പറഞ്ഞു.
നേരത്തെ, കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയെപ്പറ്റി ചോദിച്ചപ്പോള്‍, കേരളം പിന്നാക്കം ആണെന്ന് പ്രഖ്യാപിക്കൂ, അപ്പോള്‍ കൂടുതല്‍ സഹായങ്ങള്‍ നല്‍കാം എന്ന ജോര്‍ജ് കുര്യന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. ഇതേച്ചൊല്ലി ഇന്ന് കേരളത്തില്‍ നിന്നുള്ള ഇടത് എംപിമാര്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തിരുന്നു.