കോൺഗ്രസ് നേതാക്കളെ ബിജെപിയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

കോൺഗ്രസ് നേതൃത്വം ഇരുവരേയും തഴയുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ്, രണ്ടു നേതാക്കളെയും ഹരിയാന മുൻ മുഖ്യമന്ത്രിയും നിലവിൽ കേന്ദ്രമന്ത്രിയുമായ മനോഹർ ലാൽ ഖട്ടർ ബിജെപിയിലേക്ക് ക്ഷണിച്ചത്.

author-image
Anagha Rajeev
New Update
hariyana minister
Listen to this article
0.75x 1x 1.5x
00:00 / 00:00

ചണ്ഡിഗഡ്: ഹരിയാനയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, മുതിർന്ന കോൺഗ്രസ് നേതാവ് കുമാരി ഷെൽജയേയും, ദേശീയ വക്താവ് രൺദീപ് സുർജേവാലയേയും പാർട്ടിയിലേക്ക് ക്ഷണിച്ച് ബിജെപി. കോൺഗ്രസ് നേതൃത്വം ഇരുവരേയും തഴയുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ്, രണ്ടു നേതാക്കളെയും ഹരിയാന മുൻ മുഖ്യമന്ത്രിയും നിലവിൽ കേന്ദ്രമന്ത്രിയുമായ മനോഹർ ലാൽ ഖട്ടർ ബിജെപിയിലേക്ക് ക്ഷണിച്ചത്. രാഷ്ട്രീയം സാധ്യതകളുടെ ലോകമാണെന്നും ഖട്ടർ പറഞ്ഞു..

എല്ലാവർക്കും ആഗ്രഹങ്ങൾ ഉണ്ടാകാം, പക്ഷേ നമ്മുടെ സഹോദരി കോൺഗ്രസ് നേതൃത്വത്തിൽ നിന്നും അപമാനിതയായി ഇരിക്കുന്നു. അവർ വീട്ടിൽ ഇരിക്കുകയാണ്. അവർ തയ്യാറാണെങ്കിൽ അത്തരം നേതാക്കളെ ബിജെപിയിലേക്ക് സ്വീകരിക്കാൻ തയ്യാറാണെന്നും മനോഹർ ലാൽ ഖട്ടർ പറഞ്ഞു. കർണാലിൽ ബിജെപിയുടെ യോഗത്തിൽ സംബന്ധിക്കുമ്പോഴായിരുന്നു ഖട്ടറിന്റെ പ്രസ്താവന.

ഹരിയാനയിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്ന് വ്യക്തമല്ല. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയും മകനും എംപിയുമായ ദീപേന്ദ്രർ സിങ് ഹൂഡയും മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നു. അവരുടെ കുടുംബത്തിന് പുരത്തുള്ള ആരെയും കസേരയിലേക്ക് അവർ അടുപ്പിക്കില്ല. ഹൂഡമാർക്കും ഗാന്ധിമാർക്കും നാണമില്ലെന്നും മനോഹർ ലാൽ ഖട്ടർ പറഞ്ഞു.

രാഷ്ട്രീയം എന്നത് സാധ്യതകളുടെ ലോകമാണ്. ഒരു സാധ്യതയും തള്ളിക്കളയാനാകില്ല. ശരിയായ സമയത്ത് എല്ലാം സംഭവിക്കും. ഇതിനോടകം തന്നെ നിരവധി കോൺഗ്രസ് നേതാക്കളാണ് ബിജെപിയിലെത്തിയത്. ഇനിയും കൂടുതൽ നേതാക്കളെ സ്വീകരിക്കാൻ പാർട്ടി സജ്ജമാണെന്നും മനോഹർ ലാൽ ഖട്ടർ പറഞ്ഞു. ഹരിയാനയിൽ കുമാരി ഷെൽജയേയും രൺദീപ് സുർജേവാലയേയും അനുകൂലിക്കുന്നവരെ കോൺഗ്രസ് സംസ്ഥാന നേതൃത്വം വെട്ടിനിരത്തിയതായി വാർത്തകളുണ്ടായിരുന്നു. ഇതിനു പിന്നാലെ പാർട്ടി പ്രചാരണങ്ങളിൽ കുമാരി ഷെൽജയെ കാണാനില്ലായിരുന്നു.

BJP congress