/kalakaumudi/media/media_files/2025/02/12/zM2ms9ndtohsjyiUu0V8.jpg)
മുംബൈ: മകളെ ചില യുവാക്കള്‍ ശല്യംചെയ്‌തെന്ന പരാതിയുമായി കേന്ദ്രമന്ത്രി പോലീസ് സ്‌റ്റേഷനില്‍. കേന്ദ്ര യുവജനകാര്യവകുപ്പ് സഹമന്ത്രിയും ബി.ജെ.പി. നേതാവുമായ രക്ഷ നിഖില്‍ ഖദ്‌സെയാണ് ജല്‍ഗാവിലെ മുക്തായിനഗര്‍ പോലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കിയത്.മഹാശിവരാത്രിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച ശാന്ത് മുക്തായ് യാത്രയ്ക്കിടെ തന്റെ മകളെയും മറ്റുപെണ്‍കുട്ടികളെയും ചില യുവാക്കള്‍ ശല്യംചെയ്‌തെന്നായിരുന്നു മന്ത്രിയുടെ പരാതി. ഞായറാഴ്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അനുയായികള്‍ക്കും ഒപ്പം പോലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തിയാണ് മന്ത്രി പരാതി സമര്‍പ്പിച്ചത്. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
അതേസമയം, സംഭവത്തില്‍ പ്രതികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉറപ്പുനല്‍കി. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ചില പ്രതികള്‍ അറസ്റ്റിലായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചില രാഷ്ട്രീയപ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അവര്‍ ചെയ്തത് തരംതാണ പ്രവൃത്തിയാണ്. ഇത്തരം ഉപദ്രവം ഒരിക്കലും പൊറുക്കാനാകില്ല. പ്രതികള്‍ക്കെതിരെയെല്ലാം ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംഭവത്തില്‍ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പോലീസും അറിയിച്ചു. അനികേത് ഖൂയി എന്നയാളും ഇയാളുടെ ആറ് സുഹൃത്തുക്കളും ചേര്‍ന്നാണ് പെണ്‍കുട്ടികളെ യാത്രയ്ക്കിടെ ശല്യംചെയ്തത്. പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ട മറ്റ് ആറുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.