/kalakaumudi/media/media_files/2025/09/03/rahul-2025-09-03-17-02-58.jpg)
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ വോട്ട് കവര്‍ച്ച ആരോപണത്തിലെ ഹൈഡ്രജന്‍ ബോംബ് ഭീഷണി വാരാണസിയെ കുറിച്ചാണെന്ന് സൂചിപ്പിച്ച് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് അജയ് റായ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമാണ് വാരാണസി. ലോക്സഭ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന പരോക്ഷ ആരോപണമാണ് അജയ് റായ് ഉന്നയിച്ചിരിക്കുന്നത്.
'ബെംഗളൂരുവിലെ മഹാദേവപുരം നിയമസഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ക്രമക്കേട് രാഹുല്‍ ഗാന്ധി തുറന്നുകാട്ടിയതുപോലെ അടുത്തത് ഹൈഡ്രജന്‍ ബോംബാണ്. ഏറ്റവും ശക്തിയേറിയ ബോംബാണ് ഹൈഡ്രജന്‍ ബോംബ്.
അതിനാല്‍ത്തന്നെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലത്തുമാത്രമേ അത് പ്രയോഗിക്കാനാകൂ. വാരാണസിയില്‍ ലോക്സഭ തിരഞ്ഞെടുപ്പ് നടന്ന ജൂണ്‍ നാലിന് ഉച്ചയ്ക്ക് ഒരുമണിയ്ക്ക് ശേഷം എന്താണ് നടന്നത്, തിരഞ്ഞെടുപ്പ് വിജയത്തിനായി മോദി വഞ്ചന കാണിച്ചു', റായ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഈ വിഷയം സംബന്ധിച്ച് രാഹുല്‍ ഗാന്ധിയോട് ഇതുവരെ സംസാരിച്ചിട്ടില്ലെന്നും ഇത് തന്റെ അഭിപ്രായമാണെന്നും വാരാണസിയെ കുറിച്ചാണ് രാഹുല്‍ പരാമര്‍ശിച്ചതെന്നും റായ് കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധി കള്ളവോട്ട് ആരോപണമുയര്‍ത്തിയ മഹാദേവപുരയില്‍ ബിജെപിയുടെ ഭൂരിപക്ഷമുയര്‍ന്നത് അസ്വാഭാവികമായ രീതിയിലെന്നുള്ള കണക്കുകള്‍ പുറത്തുവന്നിരുന്നു. ബെംഗളൂരു ലോക്സഭാ മണ്ഡലം രൂപംകൊണ്ട 2009 മുതല്‍ ബിജെപിക്കാണ് മഹാദേവപുര നിയമസഭാ മണ്ഡലത്തില്‍ മുന്‍തൂക്കമുണ്ടെങ്കിലും കോണ്‍ഗ്രസും തൊട്ടുപുറകില്‍ സാന്നിധ്യമറിയിക്കാറുണ്ട്.
കര്‍ണാടകയിലെ 16 ലോക്സഭ മണ്ഡലങ്ങളില്‍ വിജയിക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ഒന്‍പത് എണ്ണത്തിലാണ് ജയിച്ചതെന്നാണ് രാഹുല്‍ഗാന്ധി ഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയതെന്നും വിശദീകരിച്ചു.
അപ്രതീക്ഷിത തോല്‍വിയുണ്ടായ ഏഴുമണ്ഡലങ്ങളില്‍ ഒന്നായ ബെംഗളൂരു സെന്‍ട്രലിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തില്‍ പരിശോധന നടത്തി. ഇതിലാണ് വോട്ടുമോഷണത്തിന്റെ ഞെട്ടിക്കുന്നവിവരം കണ്ടെത്തിയതെന്നും വ്യക്തമാക്കി.