/kalakaumudi/media/media_files/dJj6v66zFfkPpcnwy6fM.jpg)
ഉത്തര്‍പ്രദേശില്‍ മതപരമായ ചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് 107 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. യു.പിയിലെ ഹത്രാസ് ജില്ലയിലാണ് സംഭവം. സ്ത്രീകളടക്കം 107 ആളുകളാണ് പരിപാടിയിലെ തിരക്കിനിടയില്‍ പെട്ട് മരിച്ചത്.ഹത്രാസ് ജില്ലയിലെ രതി ഭാന്‍പൂര്‍ ഗ്രാമത്തില്‍ നടന്ന മത പരിപാടിയിലാണ് നിയന്ത്രിക്കാന്‍ കഴിയാത്ത വിധത്തില്‍ തിരക്ക് അനുഭവപ്പെട്ടത്.
മതപ്രഭാഷകനായ ഭോലെ ബാബയുടെ പ്രസംഗത്തിനിടെ അനുഭവപ്പെട്ട ശ്വാസംമുട്ടല്‍, പരിപാടിയില്‍ പങ്കെടുത്തവരില്‍ അസ്വസ്ഥതയുണ്ടാക്കിയെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് സദസില്‍ നിന്ന് ഓടാന്‍ ശ്രമിച്ച ആളുകള്‍ തിരക്കില്‍ പെടുകയായിരുന്നു. കനത്ത ചൂടും മോശം കാലാവസ്ഥയും മരണസംഖ്യ ഉയരാന്‍ കാരണമായെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
പരിപാടി നടത്തുന്നതിന് സംഘാടകര്‍ക്ക് താത്കാലിക അനുമതി ലഭിച്ചിരുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ജനറല്‍ ശലഭ് മാത്തൂര്‍ പറഞ്ഞു. എന്നാല്‍ കൃത്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഹത്രാസിലെ മതപരിപാടിയില്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം 'മത പരിപാടി അവസാനിച്ചപ്പോഴാണ് തിക്കും തിരക്കും ഉണ്ടായത്. എല്ലാവരും സ്ഥലം വിടാന്‍ തിരക്കുകൂട്ടിയത് ഒരു വലിയ ദുരന്തത്തിന് കാരണമായി,' എന്ന് പരിപാടിയില്‍ പങ്കെടുത്ത ഒരാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.മരണപ്പെട്ടവരില്‍ ഹത്രാസ് സ്വദേശിയായ ഗംഗാദേവി (70), കാസ്ഗഞ്ചില്‍ നിന്നുള്ള പ്രിയങ്ക (20), മഥുരയില്‍ നിന്നുള്ള ജസോദ (70), ഈറ്റയില്‍ നിന്നുള്ള സരോജ് ലത (60) എന്നിവരെയാണ് പൊലീസിന് തിരിച്ചറിയാന്‍ കഴിഞ്ഞത്. ഷാജാന്‍പൂര്‍ സ്വദേശികളായ കാവ്യ (4), ആയുഷ് (8) എന്നീ കുട്ടികളെയും പൊലീസ് തിരിച്ചറിഞ്ഞു.സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തുകയും രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ഹത്രാസ് ജില്ലയിലും പരിസരങ്ങളിലുമുള്ള ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.