പ്രതീകാത്മക ചിത്രം
ലഖ്‌നൗ: നീറ്റ്, നെറ്റ് പരീക്ഷ വിവാദങ്ങൾക്കു പിന്നാലെ ചോദ്യ പേപ്പറുകൾ ചോരാതിരിക്കാൻ പുതിയ നടപടികൾ സ്വീകരിച്ച് യുപി സർക്കാർ.
ചോദ്യപേപ്പറുകൾ ചോരാതിരിക്കാൻ ഉത്തർപ്രദേശ് പബ്ലിക് സർവീസ് കമ്മിഷൻ (യുപിപിഎസ്സി) മൾട്ടി-ലയേർഡ് ഡിജിറ്റൽ ലോക്കുകളുള്ള ബോക്‌സുകൾ സ്ഥാപിക്കും. എല്ലാ റിക്രൂട്ട്മെന്റ് പരീക്ഷകൾക്കും ഇനിമുതൽ ഈ സംവിധാനം ബാധകമാകും. എല്ലാ റിക്രൂട്ട്മെന്റ് ബോർഡിലും സിലക്ഷൻ കമ്മിഷനിലും ഒരു കൺട്രോൾ റൂം സ്ഥാപിക്കും. അവിടെനിന്നും എല്ലാ പരീക്ഷകളും നിരീക്ഷിക്കാനാകുന്ന തരത്തിലാകും ക്രമീകരണം.
ട്രഷറിയിൽനിന്ന് പേപ്പറുകൾ എടുക്കുന്നതു മുതൽ പരീക്ഷാകേന്ദ്രത്തിലെ പേപ്പർ ബണ്ടിൽ തുറക്കുന്നതു വരെയുള്ള മുഴുവൻ നടപടികളും സിസിടിവി ക്യാമറകളിലൂടെ നിരീക്ഷിക്കും. ഇവയുടെ റെക്കോർഡിങ്ങുകൾ ഒരു വർഷത്തേക്ക് സേവ് ചെയ്യും. ചോദ്യപേപ്പറുകൾ പ്രിന്റ് ചെയ്യുന്ന പ്രസിൽനിന്ന് എടുത്ത ശേഷം മൾട്ടി ലയേർഡ് ഡിജിറ്റൽ ലോക്കുകളുള്ള ഇരുമ്പ് ബോക്‌സുകളിൽ സൂക്ഷിക്കും. തുടർന്ന് അവ അതത് ജില്ലകളിലെ ട്രഷറിയിൽ സൂക്ഷിക്കുകയും അതേ പെട്ടികളിൽ പരീക്ഷാകേന്ദ്രങ്ങളിൽ എത്തിക്കുകയും ചെയ്യും. ഡിജിറ്റൽ ലോക്ക് കോഡ് ഒരു ഉദ്യോഗസ്ഥന്റെ പക്കലുണ്ടാകും. പരീക്ഷയ്ക്ക് 30 മിനിറ്റ് മുൻപു മാത്രമേ അത് വെളിപ്പെടുത്തൂ. ബോക്‌സുകൾക്ക് ഇരുവശത്തും ലോക്കുണ്ട്. രാജ്യത്തുടനീളം ചോദ്യപേപ്പർ ചോർച്ച ഉണ്ടായതിനു പിന്നാലെയാണ് യുപി സർക്കാർ നടപടികൾ കടുപ്പിച്ചത്.